പാറശാലയില്‍ പുതിയ ബസ് ടെര്‍മിനല്‍ വരുന്നു
1300688
Wednesday, June 7, 2023 12:12 AM IST
പാറശാല: പാറശാല നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായ ബസ് ടെര്‍മിനല്‍ യാഥാര്‍ഥ്യത്തിലേക്ക്. പാറശാല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാരാളിയിലാണ് ആധുനിക സൗകര്യങ്ങളുള്ള ബസ് ടെര്‍മിനലും പഞ്ചായത്ത് ഓഫീസും പണിയുന്നത്. നഗരകേന്ദ്രീകൃതമായ ഒരു പഞ്ചായത്താണ് പാറശാല. സ്ഥല പരിമിതി പലപ്പോഴും തടസം നില്ക്കുന്ന മണ്ഡലത്തിന്റെ വികസന സാധ്യതകള്‍ക്കു പുതിയ കുതിപ്പേകുന്നതാണ് പദ്ധതി.
പ്രഫഷണല്‍ കോളജുകളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും താലൂക്ക് ആശുപത്രിയും സ്ഥിതി ചെയ്യുന്ന ടൗണ്‍ പ്രദേശത്ത് ബസ് ടെര്‍മിനല്‍ ഇല്ലാത്തതിനെ തുടര്‍ന്നുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങള്‍ സ്ഥിരം കാഴ്ചയാണ്. ഇതിനു പരിഹാരമായാണ് സി.കെ. ഹരീന്ദ്രന്‍ എംഎല്‍എയുടെയും ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെയും നേതൃത്വത്തില്‍ ബസ് ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേഗം കൂട്ടിയത്. സ്വകാര്യവ്യക്തികളില്‍ നിന്നടക്കം ഏറ്റെടുത്ത ഒന്നയേക്കര് സ്ഥലത്താണ് ആറുകോടി രൂപ ചെലവില്‍ ബസ് ടെര്‍മിനല്‍ ഉയരുന്നത്.
ഭാവിയില്‍ താലൂക്ക് ആസ്ഥാനമായി മാറാന്‍ തയാറെടുക്കുന്ന പാറശാലക്ക് മെച്ചപ്പെട്ട പൊതുഗതാഗത സൗകര്യങ്ങള്‍ ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. പദ്ധതിക്കുള്ള ഭരണാനുമതിയും ലഭിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി രണ്ട് മാസത്തിനുള്ളില്‍ ടെര്‍മിനലിന്റെ നിര്‍മാണം തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിര്‍മാണത്തിനു മുന്നോടിയായി ജനകീയ പങ്കാളിത്തത്തോടെ പദ്ധതി പ്രദേശം വൃത്തിയാക്കി. പുതിയ ടെര്‍മിനല്‍ പാറശാല പട്ടണത്തിന്റെ വികസനത്തിനു പുതിയ മാനം നല്കുമെന്നുറപ്പാണ്. കാരോട് ബൈപാസ്, മലയോര ഹൈവേ എന്നിവ പുതിയ ബസ് ടെര്‍മിനലിനു സമീപത്തുകൂടിയാണ് കടന്നു പോകുന്നത്. ബസ് ടെര്‍മിനലിനും പഞ്ചായത്ത് ഓഫീസിനും പുറമെ ഷോപ്പിംഗ് കോംപ്ലക്സ്, മള്‍ട്ടിപ്ലസ് തിയേറ്റര്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ കൂടി നിര്‍മിക്കുന്നതിനുള്ള പദ്ധതിയും പഞ്ചായത്ത് തയാറാക്കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.