വിളപ്പിൽ പഞ്ചായത്തിലെ അവിശ്വാസം പാസായില്ല
1281649
Tuesday, March 28, 2023 12:06 AM IST
കാട്ടാക്കട : വിളപ്പിൽ പഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായില്ല. ഇന്നലെ രാവിലെ അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുത്തപ്പോൾ എൽഡിഎഫിലെ എട്ട് അംഗങ്ങൾ മാത്രമാണ് ഹാജരായത്.
കോൺഗ്രസും ബിജെപിയും എത്തിയില്ല. തുടർന്നാണ് അവിശ്വാസ പ്രമേയം തള്ളിയതായി വരണാധികാരി പറഞ്ഞത്. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ലില്ലിമോഹൻ തുടരും. ഒട്ടേറെ രഹസ്യനീക്കങ്ങളുടെ ഭാഗമായാണ് എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നീക്കം തുടങ്ങിയത്.ബിജെപി പിന്തുണയോടെ ഭരിക്കുന്ന പ്രസിഡന്റിനെ മാറ്റാൻ ഇടതു അംഗങ്ങൾ കോൺഗ്രസിനെ സമീപിച്ചിരുന്നു.
ഇതിൽ രണ്ടു പേർ വോട്ട് ചെയ്യാമെന്ന് സമ്മതിച്ചിരുന്നതായും അതിൽ ഒരാൾക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നൽകാമെന്ന് വാഗ്ദാനവും നൽകിയതായി ആക്ഷേപമുയർന്നിരുന്നു. ബിജെപി പിന്തുണയുള്ള സ്വതന്ത്ര അംഗമാണ് ലില്ലി മോഹൻ. പഞ്ചായത്തിലെ ഭരണ പ്രതിസന്ധിയും കളിക്കളം വേണമെന്ന നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യം പരിഗണിക്കാൻ പ്രസിഡന്റ് തയാറാകാത്തതും അവിശ്വാസത്തിനു കാരണമായതായി എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.20 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽ ഡി എഫിന് എട്ട്, ബിജെപി ഏഴ്, ഒരു സ്വതന്ത്ര, കോൺഗ്രസ് നാല് എന്നിങ്ങനെയാണ് കക്ഷിനില.
അതിനിടെ വിളപ്പിൽ പഞ്ചായത്തിൽ വൈസ് പ്രസിഡന്റിനെതിരെയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. സിപിഐയിലെ ഡി. ഷാജിക്കെതിരെയാണ് ബിജെപി നോട്ടീസ് നൽകിയത്.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചുഎന്നീആരോപണങ്ങളാണ് വൈസ് പ്രസിഡന്റിനെതിരെ ഉന്നയിച്ചിരിക്കുന്നത്. പഞ്ചായത്തിന് സ്വന്തമായി ഭൂമി ഉണ്ടായിരുന്നിട്ടും പൊതു ശ്മശാനത്തിന് പണം അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.