പൊതുമരാമത്ത് നിർമാണ പ്രവർത്തികൾക്ക് അതിവേഗം: മന്ത്രി മുഹമ്മദ് റിയാസ്
1279463
Monday, March 20, 2023 11:31 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ നിർമാണ പ്രവർത്തികൾ അതിവേഗമാണ് നടക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അരുവിക്കര നിയോജകമണ്ഡലത്തിലെ പട്ടകുളം -പേഴുംമൂട് റോഡ്, പള്ളിവേട്ട- കാനക്കുഴി-കൊണ്ണിയൂർ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 50 ശതമാനം പൊതുമരാമത്ത് റോഡുകളും ബിഎംബിസി നിലവാരത്തിൽ ആക്കാനുള്ള കഠിന ശ്രമത്തിലാണ് സർക്കാർ. ഈ വർഷം മാർച്ചിൽ തീർക്കാൻ ഉദ്ദേശിച്ചിരുന്നതിനേക്കാൾ കൂടുതൽ റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കിക്കഴിഞ്ഞു.
മൂന്നുവർഷം കൊണ്ട് 50 പാലങ്ങളുടെ പണിപൂർത്തിയാക്കണമെന്നാണ് സർക്കാർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഒന്നേമുക്കാൽ വർഷം കൊണ്ട് 50 പാലങ്ങളുടെ പണി പൂർത്തിയായിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ഉറിയാക്കോട് ജംഗ്ഷൻ വികസനത്തിനായി ഏഴ് കോടിയിലധികം ചെലവ് വരും.
50 സെന്റ് ഭൂമിയും ഏറ്റെടുക്കേണ്ടി വരും. ഇത് നടപ്പിലാക്കുന്നകാര്യം ധനകാര്യ വകുപ്പിനോട് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.പള്ളിവേട്ട ജംഗ്ഷനിലും കല്ലാമം ജംഗ്ഷനിലുമായി നടന്ന ചടങ്ങുകളിൽ ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു.