മാർ ജോസഫ് പൗവ്വത്തിൽ! സീറോ മലബാർസഭയുടെ തെക്കൻ മേഖലാ വികസനത്തിനായി പ്രയത്നിച്ച ഇടയൻ
1278822
Sunday, March 19, 2023 12:15 AM IST
വൈ.എസ്. ജയകുമാർ
തിരുവനന്തപുരം: തെക്കൻ മേഖലയിലെ സീറോ മലബാർ സഭയുടെയും ക്രൈസ്തവ സമൂഹത്തിന്റെയും വികസനത്തിനും വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ സ്ഥാപനത്തിനുമായി ദീർഘ വീക്ഷണത്തോടെ പ്രയത്നിച്ച ഇടയനാണ് ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ.
കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി ജില്ലകൾകൂടി ഉൾപ്പെട്ടതായിരുന്നു ചങ്ങനാശേരി അതിരൂപത. ചങ്ങനാശേരി അതിരൂപതയിലെ കന്യാകുമാരി ജില്ലയിലുള്ള പള്ളികളെ ഉൾപ്പെടുത്തി 1997 ലാണ് തക്കല രൂപത രൂപീകരിച്ചത്.
ചങ്ങനാശേരിയിൽ നിന്ന് നാലു മണിക്കൂർ യാത്ര ചെയ്ത് തിരുവനന്തപുരത്തേയും മലയോര മേഖലയായ അന്പൂരിയിലേയും പരിപാടികളിൽ പങ്കെടുക്കാൻ അദ്ദേഹം സമയം കണ്ടെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഭരണപരമായും പലരേയും കാണാനായി തലസ്ഥാനത്ത് എത്തുന്പോഴുള്ള വിശ്രമ സങ്കേതമായിരുന്നു ലൂർദ് ഫെറോനാ പള്ളി. അക്കാരണത്താൽ ലൂർദ് പള്ളിയുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം കൂടുതലായി.
1920 ഓടെയായിരുന്നു തിരുവനന്തപുരത്തേക്കുള്ള സീറോ മലബാറുകാരുടെ കുടിയേറ്റത്തിനു തുടക്കമായത്. അന്പൂരി, പാലോട് പ്രദേശങ്ങളിലേക്കും കുടിയേറ്റമുണ്ടായി. ഇടവകാംഗങ്ങൾ കൂടിയതോടെ ഉപദേവാലയങ്ങളുടെ നിർമാണത്തിനായി ആർച്ച് ബിഷപ് മാർ പവ്വത്തിൽ ശ്രദ്ധിച്ചു. ഉപ ഇടവകകളെ പിന്നീട് ഇടവകകളാക്കി വളർത്തുന്നതിലും മനസുവച്ചു. ലൂർദ് ഇടവക 20 പള്ളികളും 3500 കുടുംബങ്ങളുമായി വളർന്നു. അന്പൂരിയിൽ 15 പള്ളികളും 1600 കുടുംബങ്ങളുമാണുള്ളത്. കൊല്ലം ആയൂർ- അഞ്ചൽ മേഖലകളിൽ 18 ഇടവകകളും 21 പള്ളികളിലുമായി 1600 കുടുംബങ്ങളുണ്ട്. അന്പൂരിയിലെ സ്കൂൾ ഹയർ സെക്കൻഡറിയായി വളർന്നു.
ലൂർദ് മാതാ കാത്തലിക് എഡ്യൂക്കേഷണൽ സൊസൈറ്റിക്കു കീഴിൽ 1999 -ൽ എൻജിനിയറിംഗ് കോളജ് ആരംഭിക്കാൻ അദ്ദേഹം അനുമതി നൽകി. ഫാ. ജോസഫ് കുഴിഞ്ഞിപ്പറന്പിൽ, സെക്രട്ടറി ബാബു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. 2019-ൽ ആസ്തി ബാധ്യതകളോടെ അതിരൂപത സ്ഥാപനത്തെ ഏറ്റെടുത്തു. ഇപ്പോൾ എംബിഎ ഉൾപ്പെടെ പ്രഫഷണൽ കോഴ്സുകളും ആർട്സ് ആൻഡ് സയൻസ് കോളജും പ്രവർത്തിക്കുന്നു.