മ​രോ​ട്ടി​ച്ചാ​ലി​ൽ കാ​ട്ടാ​ന​ക്ക​ലി; നൂ​റോ​ളം നേ​ന്ത്ര​വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു
Friday, June 28, 2024 8:11 AM IST
പു​ത്തൂ​ർ: മ​രോ​ട്ടി​ച്ചാ​ൽ ചീ​ര​ക്കു​ണ്ടിൽ കാ​ട്ടാ​നയി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ക​ള്ളിപ്പ​റ​മ്പി​ൽ ലോ​ന​പ്പ​ന്‍റെ നൂറോളം നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് ആ​ന​ക്കൂട്ടം ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞദി​വ​സം രാ​ത്രി​യാ​ണു കാ​ട്ടാ​ന​ക്കൂട്ടം ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി വാ​ഴക്കൃ​ഷി ന​ശി​പ്പി​ച്ച​ത്. കൃ​ഷി​യി​ട​ത്തി​ൽ ക​ട​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം നേ​ന്ത്ര​വാ​ഴ​ക​ൾ ച​വി​ട്ടിമെ​തി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ണ​ത്തി​നു വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​വു​ന്ന പ​കു​തി മൂ​പ്പെ​ത്തി​യ നേ​ന്ത്ര​വാ​ഴ​ക​ളാണ് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ് കാ​ട്ടാ​ന ച​വി​ട്ടിമെ​തി​ച്ച കൃ​ഷി​യി​ട​ത്തി​ലെ കാ​ഴ്ച​ക​ൾ. ക​ണ്ണീ​ര​ട​ക്കാ​നാ​കാ​തെ​യാ​ണു ലോ​ന​പ്പ​ൻ കാ​ട്ടാ​നക്കൂ​ട്ടം ന​ശി​പ്പി​ച്ച നേ​ന്ത്രക്കാ​യക്കുല​ക​ൾ പെ​റു​ക്കിക്കൂട്ടി​യ​ത്.

മൂ​ന്നുമാ​സ​ംമു​മ്പ് ഇ​തേ ക​ർ​ഷ ​ക​ന്‍റെ ചു​ള്ളി​ക്കാ​വി​ലെ ര​ണ്ടാ​യി​ര​ത്തോ​ളം വാ​ഴ​ക​ളും ആ​നക്കൂ ട്ടം ന​ശി​പ്പി​ച്ചി​രു​ന്നു. അ​തിന് ഇതു വരെ ഒ​രു രൂ​പപോ​ലും ന​ഷ്ടപ​രി​ഹാ​രം ല​ഭി​ച്ചി​ല്ല. നി​ല​വി​ൽ കാ​ട്ടാ​നശ​ല്യം ത​ട​യാ​ൻ പ്ര​ദേ​ശ​ത്ത് വൈ​ദ്യുതവേ​ലി ഉ​ണ്ടെ​ങ്കി​ലും അ​തു പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. വേ​ലി​യു​ടെ ത​ക​രാ​റി​ലാ​യ ബാ​റ്റ​റി മാ​റ്റാ​ൻ പ​ണമി​ല്ല എ​ന്നാ​ണു വ​നംവ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം.