പ്രേ​താ​ല​യ​മോ?.. പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം
Sunday, November 17, 2024 5:02 AM IST
മാ​ന്നാ​ർ: കാ​ടി​നുന​ടു​വി​ൽ ഇ​ടി​ഞ്ഞുപൊ​ളി​ഞ്ഞ് വീ​ഴാ​റാ​യ ഒ​രു കെ​ട്ടി​ട​മു​ണ്ട്. പ​ഴ​യ സി​നി​മ​ക​ളി​ലെ പ്രേ​താ​ല​യം പോ​ലെ തോ​ന്നി​ക്കു​ന്ന ഈ ​സ്ഥ​ലം ഒ​രു കാ​ല​ത്ത് പ്ര​താ​പ​ത്തോ​ടെ ത​ല ഉ​യ​ർ​ത്തി നീ​തിന​ട​പ്പി​ലാ​ക്കി​യി​രു​ന്ന കെ​ട്ടി​ട​വും സ്ഥ​ല​വു​മാ​ണ്.

ഒ​രു പ​തി​റ്റാ​ണ്ടോ​ളം നീ​തി പാ​ല​ക​ർ കൃ​ത്യ​നി​ർ​വ​ഹ​ണം ന​ട​ത്തി​യി​രു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​നാ​ണ് ഇ​ന്ന് പ്രേ​താ​ല​യം പോ​ലെ കി​ട​ക്കു​ന്ന​ത്. മാ​ന്നാ​റി​ലെ ഈ ​പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​കൂ​ടി പ​ക​ൽ​പോ​ലും സ​ഞ്ച​രി​ക്കാ​ൻ നാ​ട്ടു​കാ​ർ​ക്കു പേ​ടി​യാ​യി​രി​ക്കു​ക​യാ​ണ്.

മാ​ന്നാ​ർ ടൗ​ണി​ന്‍റെ ഹൃ​ദ​യഭാ​ഗ​ത്ത് പോ​സ്റ്റ് ഓഫീ​സ്, മാ​ന്നാ​ർ കെ​എ​സ്ഇ​ബി ഓ​ഫീ​സ്, തൃ​ക്കു​ര​ട്ടി മ​ഹാ​ദേ​വ​ർ ക്ഷേ​ത്രം എ​ന്നി​വ​യ്ക്കു വ​ട​ക്കു​വ​ശം കാ​ടു​പി​ടി​ച്ച് പ്രേ​താ​ല​യം പോ​ലെയാണ് ഈ ​പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്ഥി​തി ചെ​യ്യു​ന്ന​ത്. ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നുകി​ട​ക്കു​ന്ന ഇ​തി​ന്‍റെ പ​രി​സ​ര​ത്തുകൂ​ടി നാ​ട്ടു​കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം തെ​രു​വുനാ​യ്ക്ക​ൾ കൈയട​ക്കി​യി​രി​ക്കു​ക​യാ​ണ്.

തൊ​ണ്ടിമു​ത​ല​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ കാ​ടുക​യ​റി കിട​പ്പു​ണ്ടെ​ങ്കി​ലും അ​വ​യെ​ല്ലാം ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ൽ ഇ​വി​ട​ത്തെ കാ​ട്ടി​നു​ള്ളി​ൽ തി​ര​യേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രി​ക്കെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​നു സ​മീ​പ സ്ഥ​ല​ത്തുത​ന്നെ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് 2014 ഫെ​ബ്രു​വ​രി 25നു ​പോലീ​സ് സ്റ്റേ​ഷ​ൻ മാ​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യ ഈ ​പ​ഴ​യ​കെ​ട്ടി​ടം പൊ​ളി​ച്ചുമാ​റ്റ​ണ​മെ​ന്ന് ആ​ഭ്യ​ന്ത​രവ​കു​പ്പ് പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും പ​ത്തുവ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.

പ​ഴ​യ​ പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി ആ ​സ്ഥാ​ന​ത്ത് പോ​ലീ​സ് ക്ല​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​നു​ള്ള നി​ർ​ദേശ​ങ്ങ​ളാ​യി​രു​ന്നു ആ​ഭ്യ​ന്ത​രവ​കു​പ്പി​ന്‍റേ​ത്. കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റാ​ത്ത​തി​നാ​ൽ പ​ദ്ധ​തി​ ഫ​യ​ലി​ൽ ത​ന്നെ​യാ​ണ്. ഇ​തി​നു പുറ​കി​ലാ​യി ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ളാ​ണ്. അ​സൗ​ക​ര്യ​ങ്ങ​ളു​ടെ നാ​ടു​വി​ലാ​ണെ​ങ്കി​ലും ഇ​വി​ടെ​യും കാ​ടു​ക​യ​റി കി​ട​ക്കു​ക​യാ​ണ്.

1994 ലാ​ണ് മാ​ന്നാ​ര്‍, എ​ട​ത്വ, വീ​യ​പു​രം എ​ന്നീ സ്റ്റേ​ഷ​നു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി മാ​ന്നാ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഓ​ഫി​സ് ആ​രം​ഭി​ച്ച​ത്. തു​ട​ക്ക​ത്തി​ല്‍ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് പി​ന്നീ​ട് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റി.

സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഓ​ഫീസ് ആ​രം​ഭി​ച്ച് ര​ണ്ടു പ​തി​റ്റാ​ണ്ടു ക​ഴി​ഞ്ഞി​ട്ടും ക്വാ​ര്‍​ട്ടേ​ഴ്സ് പ​ണി​യാ​ത്ത​തി​നാൽ സര്‍​ക്കി​ള്‍ ഇന്‍​സ്പെ​ക്ട​ര്‍​മാ​ര്‍​ക്കും വാ​ട​കവീ​ടു​ക​ളാ​ണ് ശ​ര​ണം. പ​ല​പ്പോ​ഴും സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്ത് വീ​ട് ല​ഭി​ക്കാ​തെ വ​രു​ന്ന​തി​നാ​ല്‍ കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ പോ​യി താ​മ​സി​ക്കേ​ണ്ട അ​വ​സ്ഥ​യാണ്. അ​തി​നാ​ൽ അ​ടി​യ​ന്ത​ര ഘട്ട​ങ്ങ​ളി​ല്‍ ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത​ത്തൊ​ന്‍ സ​മ​യ​മേ​റെ​യെ​ടു​ക്കും.

പു​തി​യ​കെ​ട്ടി​ടം നി​ർ​മി​ച്ചി​ല്ലെ​ങ്കി​ലും പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ പ​രി​സ​രം വൃ​ത്തി​യാ​ക്കി തെ​രു​വുനാ​യ്ക്ക​ളി​ൽ നി​ന്നും ഇ​ഴ​ജ​ന്തു​ക്ക​ളി​ൽനി​ന്നും ജനത്തെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.