അഞ്ചല്‍ : കൂണ്‍കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന കൂണ് ഗ്രാമം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓയില്‍പാമിന്റെ ഏരൂര്‍ പാംവ്യൂ കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു.
കൂൺകൃഷിയുടെ മൂല്യം മനസിലാക്കി ധാരാളംപേര്‍ കൃഷിയിലേക്ക് കടന്നുവരുന്നുണ്ട്. ശരീരത്തിന്റെ ബാഹ്യ സൗന്ദര്യം സൂക്ഷിക്കുന്ന മനുഷ്യരില്‍ ഭൂരിഭാഗവും ആന്തരിക സൗന്ദര്യം മറക്കുന്നതുമൂലം വലിയ അസുഖങ്ങളില്‍ എത്തിച്ചേരുന്നു.
കൃഷിയിലൂടെ ആരോഗ്യ സംരക്ഷണം കൂടി ഉറപ്പുവരുത്തുക എന്ന ലക്ഷ്യമാണ് കൂണ്‍ഗ്രാമം അടക്കമുള്ള കാര്‍ഷിക മേഖലയിലെ വൈവിധ്യവല്‍ക്കരണം. കൂണ് കൃഷിക്ക് ആവശ്യമായ പരിശീലനം, സഹായം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ ഒപ്പമുണ്ടാകും.
പുനലൂര്‍ നിയോജക മണ്ഡലത്തില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഡിപിആര്‍ ക്ലനിക് ആരംഭിക്കും. ഇതിലൂടെ കര്‍ഷകര്‍ക്ക് പുതിയ സംരംഭം ആരംഭിക്കുന്നതിനായി വിശദമായ പദ്ധതി തയാറാക്കുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും കഴിയും. സംസ്ഥാനത്ത് ഉടനീളം പതിനാലു ഡിപിആര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പുനലൂര്‍ എംഎല്‍എ പി.എസ് സുപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മികച്ച കൂണ് കര്‍ഷകരെയും മന്ത്രി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനമുരളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജി. അജിത്ത്, എം. ജയശ്രീ, ആർ.ലതികമ്മ, ഓയില്‍പാം ചെയര്മാന് ആര്. രാജേന്ദ്രന്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ഡയറക്ടര്‍ തോമസ് സാമുവേല്‍ അടക്കമുള്ള ജനപ്രതിനിധികള്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
100 ചെറുകിട കൂണ് ഉത്പാദന യൂണിറ്റുകളും, രണ്ടുവന്കിട കൂണ് ഉത്പാദന യൂണിറ്റുകളും, ഒരുകൂണ്‍ വിത്ത് ഉത്പാദന യൂണിറ്റും, മൂന്നുകൂണ് സംസ്കരണ യൂണിറ്റുകളും, രണ്ടു പായ്ക്ക് ഹൗസുകളും, 10 കമ്പോസ്റ്റ് ഉത്പാദന യൂണിറ്റുകളും ചേര്‍ന്നതാണ് ഒരു സമഗ്ര കൂണ് ഗ്രാമം. ഇത്തരത്തില്‍ നൂറു കൂണ് ഗ്രാമങ്ങള്‍ സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഒരു കൂണ് ഗ്രാമം പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കായി മാറ്റിവയ്ക്കും. പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ സൃഷ്ടിക്കുന്ന കൂണ് കൃഷി സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും വീട്ടിനുള്ളില്‍ ലഭ്യമായ സ്ഥലത്ത് ചെയ്യാന്‍ കഴിയുമെന്നതിനാല്‍ കൂടുതല്‍ ആളുകള്‍ മേഖലയിലേക്ക് കടന്നുവരുമെന്നാണ് പ്രതീക്ഷ. കൂണിന്റെ മൂല്യവര്‍ധിത ഉല്പനങ്ങള്ക്ക് വിപണിയില്‍ കയറ്റുമതി സാധ്യതയും കൂടുതലാണ്.
കേരളത്തിലെ കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ മുഖേനെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കര്‍ഷകര്‍, കര്‍ഷക സംഘങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, കുടുംബശ്രീ എന്നിവ വഴിയാകും പദ്ധതി നടപ്പിലാക്കുക. കൂണ് കൃഷിക്കുള്ള സാധ്യത അനുസരിച്ച് ഓരോ ജില്ലയിലും വിവിധ തലങ്ങളായോ, സമഗ്രമായോ കൂണ് ഗ്രാമങ്ങള്‍ രൂപീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, പരിചയ സമ്പന്നരായ കൂണ് കര്‍ഷകര്‍ എന്നിവര്‍ മുഖേന പരിശീലനം നല്‍കും. ഇതിനായി ഒരു പൊതു പരിശീലന മൊഡ്യൂള്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് തയാറാക്കിയിട്ടുണ്ട്.