കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾക്ക് കത്തോലിക്കാസഭയിലെ വൈദികരും സന്യസ്തരും സമുദായ നേതാക്കളും ചേർന്ന് കത്ത് നൽകി.
ഫാ. തോമസ് ജോസഫ് തേരകം, ഫാ. ജയിംസ് പുത്തൻപറന്പിൽ, ഫാ. കുര്യാക്കോസ് കുന്നത്ത്, ഫാ. ബാബു മാപ്ലശേരി, ഫാ. വിനോദ് പാക്കാനിക്കുഴി, ജോസ് പുന്നക്കുഴി, ജോയ് മണ്ണാർതോട്ടം ഉൾപ്പെടെ 1,325 പേർ ഒപ്പിട്ടതാണ് കത്ത്. തെരഞ്ഞെടുപ്പ് ആരവങ്ങൾക്കു നടുവിലും വയനാടൻ ജനത, പ്രത്യേകിച്ചും ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയിലാണെന്ന് കത്തിൽ പറയുന്നു.
മുനന്പം ജനതയുടെ കണ്ണിരും കൊളോസിയങ്ങളെ ലജ്ജിപ്പിക്കുംവിധം കർഷക ജനതയെ വന്യമൃഗങ്ങൾക്ക് എറിഞ്ഞുകൊടുക്കുന്ന ബഫർ സോണ്‍, ഇഎസ്എ വിഷയങ്ങളും ന്യൂനപക്ഷങ്ങളിലെ അതി ന്യൂനപക്ഷങ്ങളോടുള്ള ഭരണകൂട വിവേചനവും ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാത്തതും കർഷക ജനതയുടെയും ക്രൈസ്തവ സമൂഹത്തിന്റെയും ഉള്ളിൽ ഭീതിയുടെ തീമഴയായി പെയ്യുകയാണെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മുനന്പത്തടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽപ് ഭീഷണിയിലായ നിരാലംബരായ ജനതയോട് പക്ഷം ചേരുന്നതായി വ്യക്തമാക്കുന്ന കത്തിൽ രാഷ്ട്രീയ കസർത്തുകളും എതിർകക്ഷികളെ കുറ്റം പറയലും മാറ്റിവച്ച് ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നു നിർദേശിക്കുന്നു.
വഖഫ് നിയമം റദ്ദാക്കുകയോ ഭരണഘടനാനുസൃതമായി പരിഷ്കരിക്കുകയോ ചെയ്യുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, ബഫർ സോണ്‍, ഇഎസ്എ പരിധിയിൽനിന്ന് ജനവാസ കേന്ദ്രങ്ങൾ പൂർണമായി ഒഴിവാക്കുക, ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുക എന്നീ ആവശ്യങ്ങളിൽ സ്ഥാനാർഥികളും മുന്നണികളും നയവും നിലപാടും വ്യക്തമാക്കണമെന്നും കത്തിൽ പറയുന്നു.