കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, തിരുവന്പാടി, ഏറനാട്, നിലന്പൂർ, വണ്ടൂർ നിയോജക മണ്ഡലങ്ങളിലായി 14,71,742 വോട്ടർമാരാണുള്ളത്. 2004 സർവീസ് വോട്ടർമാരാണ് വയനാട് മണ്ഡലത്തിലുള്ളത്. ഭിന്നശേഷിക്കാരും 85 വയസിന് മുകളിലുമുള്ള മുതിർന്ന പൗരൻമാരുമടങ്ങിയ 7,519 വോട്ടർമാരാണ് വീടുകളിൽ നിന്നുതന്നെ വോട്ട് ചെയ്യാൻ ഉതുവരെ സന്നദ്ധതയറിയിച്ചത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും ഒരുങ്ങുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് അഞ്ചിന് നടക്കും. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, ഇലക്ഷൻ ഡെപ്യൂട്ടി കളകടർ എം. ഉഷാകുമാരി, എഡിഎം എം. ബിജുകുമാർ, സുൽത്താൻ ബത്തേരി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ കെ. മണികണ്ഠൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
1354 പോളിംഗ്
സ്റ്റേഷനുകൾ
വയനാട് ലോക്സഭാ മണ്ഡലത്തിൽ 30 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിംഗ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനും സജ്ജമാക്കുന്നത്. മാനന്തവാടി 173, സുൽത്താൻ ബത്തേരി 218, കൽപ്പറ്റ 187, തിരുവന്പാടി 181, ഏറനാട് 174, നിലന്പൂർ 209, വണ്ടൂർ 212 എന്നിങ്ങനെയാണ് പോളിംഗ് സ്റ്റേഷനുകൾ. ജില്ലയിൽ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 11 പോളിംഗ് ബൂത്തുകളും പ്രത്യേക സുരക്ഷാപട്ടികയിലുണ്ട്. ഇവിടങ്ങളിൽ വെബ്കാസ്റ്റിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും.
ഏഴ് വിതരണ,
സ്വീകരണ കേന്ദ്രങ്ങൾ
വയനാട് ലോക്സഭാ മണ്ഡലത്തിൽ ഏഴ് വിതരണ സ്വീകരണ കേന്ദ്രങ്ങളാണ് സജ്ജീകരിക്കുക. മാനന്തവാടി സെന്റ് പാട്രിക് ഹയർസെക്കൻഡറി സ്കൂൾ, സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജ്, കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂൾ, കൂടത്തായി സെന്റ് മേരീസ് എൽപി സ്കൂൾ, മഞ്ചേരി ചുള്ളക്കാട് ജിയുപി സ്കൂൾ, മൈലാടി അമൽ കോളജ് എന്നിവടങ്ങളിൽ നിന്നാണ് വോട്ടിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടക്കുക.
എട്ട് വോട്ടെണ്ണൽ
കേന്ദ്രങ്ങൾ
മാനന്തവാടി നിയോജകമണ്ഡലത്തിലെ വോട്ടുകൾ കൽപ്പറ്റ എസ്കെഎംജെ സ്കൂൾ ജൂബിലി ഹാളിലും സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ വോട്ടുകൾ കൽപ്പറ്റ എസ്ഡിഎംഎൽപി സ്കൂളിലും കൽപ്പറ്റ നിയോജക മണ്ഡലത്തിലെ വോട്ടുകൾ എസ്കെഎംജെ സ്കൂളിലും തിരുവന്പാടി മണ്ഡലത്തിലെ വോട്ടുകൾ കൂടത്തായി സെന്റ് മേരീസ് എൽപി സ്കൂളിലുമാണ് എണ്ണുക. ഏറനാട്, വണ്ടൂർ, നിലന്പൂർ നിയോജക മണ്ഡലത്തിലെ വോട്ടുകൾ അമൽ കോളജ് മൈലാടി സ്കിൽ ഡെവലപ്മെന്റ് ബിൽഡിംഗിലുമാണ് എണ്ണുക. തപാൽ വോട്ടുകൾ കൽപ്പറ്റ എസ്കഐംജെ ഹൈസ്കൂൾ താത്കാലിക കെട്ടിടത്തിലുമാണ് എണ്ണുക.
ചൂരൽമലയിൽ രണ്ട്
ബൂത്തുകൾ
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ 10,12 വാർഡുകളിലെ വോട്ടർമാർക്കായി രണ്ട് ബൂത്തുകൾ പ്രദേശത്തും 11-ാം വാർഡിൽ ഉൾപ്പെട്ടവർക്കായി മേപ്പാടി സ്കൂളിലും പ്രത്യേക പോളിംഗ് ബൂത്ത് ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ പറഞ്ഞു.
ജില്ലയിൽ അതീവ
സുരക്ഷാസന്നാഹം
ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ അതീവ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. അന്തർ സംസ്ഥാന സേനയും അന്തർ ജില്ലാ സേനയും തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജില്ലയിലെത്തും. കൂടാതെ സംസ്ഥാന, ജില്ലാ അതിർത്തികളിലും പ്രത്യേക പോലീസ് പരിശോധന നടക്കുന്നുണ്ട്. സ്ട്രോംഗ് റൂമിനടക്കം പ്രത്യേക സുരക്ഷയൊരുക്കും. എൻസിസി, എസ്പിസി തുടങ്ങി 2700 പോലീസ് അധിക സേനയും ജില്ലയിലുണ്ടാകും.
രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 17,96,000 രൂപ തെരഞ്ഞെടുപ്പ് പരിശോധന സംഘം ഇതിനകം ജില്ലയിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 95210 രൂപ വിലമതിക്കുന്ന 147.90 ലിറ്റർ മദ്യവും എക്സൈസ് സംഘം പിടികൂടി. 3,84,550 രൂപ വിലവരുന്ന 1998.94 ഗ്രാം കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും പിടികൂടി.
മാധ്യമ നിരീക്ഷണസെൽ
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ നാലു വീതം ഫ്ളൈയിംഗ് സ്ക്വാഡുകൾ പരിശോധനകൾ തുടരുന്നു. കൽപ്പറ്റ മണ്ഡലത്തിൽ രണ്ട് (ലക്കിടി, ചോലാടി), മാനന്തവാടി അഞ്ച് (തലപ്പുഴ, ബാവലി, തോൽപെട്ടി, വാളാംതോട്, ബോയ്സ് ടൗണ്), സുൽത്താൻ ബത്തേരി നാല് (മുത്തങ്ങ, താളൂർ, നന്പ്യാർകുന്ന്, നൂൽപ്പുഴ) എന്നിങ്ങനെ സ്റ്റാറ്റിക് സർവെയലൻസ് ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. മൂന്ന് മണ്ഡലത്തിലും ഓരോ എംസിസി, വീഡിയോ വ്യൂവിംഗ് ടീമുകളും രണ്ട് വീതം വീഡിയോ സർവൈലൻസ് ടീമും പ്രവർത്തിക്കുന്നുണ്ട്. ഇതു കൂടാതെ മാധ്യമ നിരീക്ഷണത്തിനായി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ 24 മണിക്കൂറും എംസിഎംസി സെല്ലും പ്രവർത്തിക്കുന്നു.
പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ 04936 204210, 1950 ടോൾ ഫ്രീ നന്പറുകളിൽ അറിയിക്കാനുള്ള കണ്ട്രോൾ റുമും വിജിൽ ആപ്പും തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കൊപ്പം സജ്ജമാക്കിയിട്ടുണ്ട്.
വോട്ടുചെയ്യാൻ 12
തിരിച്ചറിയൽ രേഖകൾ
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, തൊഴിലുറപ്പ് കാർഡ്, ഫോട്ടോ പതിച്ച പോസ്റ്റ് ഓഫീസ്,ബാങ്ക് പാസ്ബുക്ക്, കേന്ദ്ര തൊഴിൽ വകുപ്പ് നൽകിയ ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, എൻപിആർ സ്മാർട്ട് കാർഡ്, പാസ്പോർട്ട്, ഫോട്ടോ പതിപ്പിച്ച പെൻഷൻ കാർഡ്, എംപി/എംഎൽഎ അനുവദിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, കേന്ദ്ര-സംസ്ഥാന സർക്കാർ/ പിഎസ്യു, പൊതുമേഖല സ്ഥാപനങ്ങളിലെ ഫോട്ടോ പതിച്ച സർവീസ് തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.
പോസ്റ്റൽ ബാലറ്റ്
സൗകര്യം
85 വയസ് മുതലുള്ള മുതിർന്ന പൗരൻമാർ, അംഗപരിമിതർ, അവശ്യ സർവീസ് കാറ്റഗറിയിൽപെടുന്ന എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ റയിൽവേ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, ഇലക്ട്രിസിറ്റി ഡിപ്പാർട്ടുമെന്റ്, ഹെൽത്ത് ഫാമിലി വെൽഫെയർ, സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ, ഫുഡ് ആൻഡ് സിവിൽ സപ്ലൈസ്, ബിഎസ്എൻഎൽ, ഫയർ സർവീസ്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അതേറിറ്റി ലെറ്ററുള്ള മാധ്യമ പ്രവർത്തകർ എന്നിവർക്കാണ് പോസ്റ്റൽ ബാലറ്റ് ഫോറം 12 ഡി സൗകര്യം.
ഉപതെരഞ്ഞടുപ്പ്:
ബോധവത്കരണവുമായി സ്വീപ്
ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.
ജനാധിപത്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള സമ്മതിദായകർ കൂട്ടയോട്ടത്തിൽ പങ്കാളികളായി. ഉറപ്പായും ഞാൻ വോട്ട് ചെയ്യും എന്ന ആഹ്യാനവുമായി കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്നു ആരംഭിച്ച് കളക്ടറേറ്റിൽ അവസാനിച്ച കൂട്ടയോട്ടത്തിൽ പങ്കെടുത്തവരെ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ സ്വീകരിച്ചു.
സ്വീപ് നോഡൽ ഓഫീസറും അസിസ്റ്റന്റ് കളക്ടറുമായ എസ്. ഗൗതംരാജ് ഫ്ളാഗ് ഓഫ് ചെയ്തു. കന്നി വോട്ടർ മുതൽ 75 വയസുള്ള പ്രായമായ വേട്ടർമാർ ഉൾപ്പടെ 20 പേർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു.