മാനന്തവാടി: വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ പട്ടികവർഗ ഉന്നതികളിൽ സന്ദർശനം നടത്തി.
ഇരുവക്കി, അയ്യപ്പൻമൂല ചാലിഗദ്ദ, എടപ്പടി, കണിയാരം, പെരിഞ്ചോല, മണൽവയൽ, മാങ്ങണി തുടങ്ങിയ ഉന്നതികളിലാണ് സ്ഥാനാർഥി എത്തിയത്. പൊരുനന്നൂർ ഉന്നതിയിൽ കുടുംബയോഗത്തിൽ നവ്യ പങ്കെടുത്തു. വലക്കോട്ടിൽ തറവാട്, ആലക്കണ്ടി ഉന്നതി എന്നിവിടങ്ങളും സന്ദർശിച്ചു. ആദിവാസികൾ പരാതികളും പ്രശ്നങ്ങളും സ്ഥാനാർഥിക്കു മുന്നിൽ അവതരിപ്പിച്ചു. ഉന്നതികളുടെ വികസനത്തിലും ഗോത്ര ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിലും എൻഡിഎയ്ക്കു മാത്രമാണ് താത്പര്യമെന്ന് വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരുമായി സംസാരിക്കവേ സ്ഥാനാർഥി പറഞ്ഞു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ, സംസ്ഥാന സമിതിയംഗം കെ. സദാനന്ദൻ, എസ്ടി മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ, നേതാക്കളായ മോഹൻദാസ്, ഇ. മാധവൻ, കണ്ണൻ കണിയാരം, വിൽഫ്രഡ് ജോസ്, ഗിരീഷ് കട്ടക്കളം, കെ.എം. പ്രജീഷ്, ജി.കെ. മാധവൻ, കേളു അത്തിക്കണ്ടി, സിന്ധു ഐരവീട്ടിൽ, വിജയൻ കൂവണ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു. മാനന്തവാടിയിലെ സ്കിൽ ഡെവലപ്മെന്റ് സെന്റർ സന്ദർശിച്ച നവ്യ ഹരിദാസ് വിദ്യാർഥികളുമായി സംവദിച്ചു. മോദി സർക്കാർ നടപ്പാക്കുന്ന നൈുപുണ്യ വികസന പദ്ധതികൾ, സ്റ്റാർട്ടപ്പ് സ്കീമുൾ എന്നിവയെക്കുറിച്ച് അവർ വിശദീകരിച്ചു.