മക്കരപ്പറമ്പ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ലഘു ഭക്ഷണ പ്രദര്‍ശനം ഒരുക്കി വിദ്യാര്‍ഥികളുടെ നന്മയുടെ പാഠശാല. വീടുകളില്‍ പാകം ചെയ്തു കൊണ്ടുവന്ന ലഘു ഭക്ഷണ വിഭവങ്ങളാണ് കുട്ടികള്‍ പ്രദര്‍ശനത്തിനൊരുക്കിയത്. ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രയാസം അനുഭവിക്കുന്ന സഹപാഠികളുടെ ഉന്നമനത്തിനും
ഉപയോഗിക്കും. കേരള ഗവണ്മെന്റ് റൂട്രോണിക്സ് പഠനകേന്ദ്രം ഗൈന്‍ അക്കാഡമിയാണ് രുചി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. വാര്‍ഡ് മെന്പറും പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സുഹറാബി കാവുങ്ങല്‍ ഉദ്ഘാടനം ചെയ്തു. 20 സ്റ്റാളുകളിലായി മുപ്പത്തിലധികം വിഭവങ്ങളാണ് ഒരുക്കിയത്. മൂന്ന് രൂപ മുതല്‍ തുടങ്ങുന്ന വിഭവങ്ങളില്‍ ചട്ടിച്ചോര്‍, കുടുക്കചോര്, ബിരിയാണി, ഹലുവ, ഇളനീര് പുഡിങ്ങ്, ചട്ടി പത്തിരി തുടങ്ങി വിവിധയിനം രുചിയൂറുന്ന വിഭവങ്ങളുണ്ടായിരുന്നു. മങ്കട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഫൗസിയ പെരുമ്പള്ളി അധ്യക്ഷത വഹിച്ചു. അക്കാഡമി ഡയറക്ടര്‍ ഷബ്ന തുളുവത്ത്, മുഹ്സിന, ആദില്‍ തുളുവത്ത്, ജസീല, ഫെബിന, തബഷീറ, ഷാദിയ, ഗോപിക, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി മുനീര്‍ തോപ്പില്‍, റഫീഖ്, ഷഫീക്ക് എന്നിവര്‍ നേതൃത്വം നല്കി.