ഗാ​ന്ധിദ​ര്‍​ശ​നങ്ങൾ കൂ​രി​രു​ട്ടി​ല്‍ വെളിച്ചമായി മാ​റ​ണം: വി.​ഡി. സ​തീ​ശ​ന്‍
Thursday, October 3, 2024 4:38 AM IST
തി​രു​വ​ന​ന്ത​പു​രം: കൂ​രി​രു​ട്ടു നി​റ​ഞ്ഞ വ​ര്‍​ത്ത​മാ​ന​കാ​ല​ത്തു ഗാ​ന്ധി​യ​ന്‍ ദ​ര്‍​ശ​ന​ങ്ങ​ള്‍ വെളിച്ചമാ​യി മാ​റ​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പാ​ള​യ​ത്ത് സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി സ്മൃ​തിസം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്രതിപക്ഷ നേതാവ്.

വം​ശ​ഹ​ത്യ​യി​ല്‍ ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന ഏ​കാ​ധി​പ​തി​ക​ള്‍ ലോ​ക​ത്തു​ട​നീ​ളം ക​രു​ത്തു പ്രാ​പി​ക്കു​ന്ന വ​ര്‍​ത്ത​മാ​ന​കാ​ലം ലോ​ക​ത്തെ വ​ല്ലാ​തെ ഞെ​ട്ടി​ക്കു​ന്നു. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ആ​ദ്യ പ​കു​തി​യു​ടെ ആ​വ​ര്‍​ത്ത​ന​മാ​ണോ ഈ ​നൂ​റ്റാ​ണ്ടി​ലു​മെ​ന്നു തോ​ന്നി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് എ​ല്ലാ​യി​ട​ത്തും ന​ട​ക്കു​ന്ന​ത്. ഇ​വി​ടെ​യാ​ണു മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ അ​ഹിം​സയ​ട​ക്ക​മു​ള്ള മൂ​ല്യ​ങ്ങ​ള്‍​ക്കു പ്ര​സ​ക്തി​യേ​റു​ന്ന​ത്. ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ മ​ഹാ​ത്മാ​ഗാ​ന്ധി ഏ​കോ​പി​പ്പി​ച്ച​തി​നെ​ക്കു​റി​ച്ച് ഇ​ന്നു ചി​ന്തി​ച്ചാ​ല്‍ നാം ​അ​ത്ഭു​ത​പ്പെ​ട്ടു പോ​കും.

കാ​ര്യ​മാ​യ യാ​ത്രാസൗ​ക​ര്യ​ങ്ങ​ള്‍ ഇ​ല്ലാ​തി​രു​ന്ന രാ​ജ്യ​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും അ​ദ്ദേ​ഹ​മെ​ത്തി. കേ​ര​ള​ത്തി​ല്‍മാ​ത്രം 33 ത​വ​ണ​യാ​ണ് എ​ത്തി​യ​ത്. ഉ​ച്ച​നീ​ച​ത്വ​ങ്ങ​ള്‍​ക്കെ​തി​രെ സ​ന്ധി​യി​ല്ലാ​ത്ത സ​മ​ര​മാ​ണ് ഗാ​ന്ധി​ജി ന​ട​ത്തി​യ​ത്. ഗു​രു​വാ​യൂ​രി​ലും വൈ​ക്ക​ത്തും മ​ധു​ര​യി​ലും ഗാ​ന്ധി​ജി ഓ​ടി​യെ​ത്തി​യ​ത് ആ​രാ​ധ​നാസ്വാ​ത​ന്ത്ര്യം എ​ല്ലാ​വ​ര്‍​ക്കും നേ​ടി​ക്കൊ​ടു​ക്കാ​നാ​ണ്. ഇ​ന്ത്യ​യി​ലെ 44 കോ​ടി ജ​ന​ങ്ങ​ളോ​ടും അ​വ​രു​ടെ ഭാ​ഷ​യി​ലാ​ണ് ഗാ​ന്ധി​ജി സം​സാ​രി​ച്ച​തെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

ഗാ​ന്ധി സ്മൃ​തി സം​ഗ​മ​ത്തി​ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ കാ​വാ​ലം ശ്രീ​കു​മാ​ര്‍ വ​ള്ള​ത്തോ​ളിന്‍റെ "എന്‍റെ ഗു​രു​നാ​ഥ​ന്‍' കവിത ആ​ല​പി​ച്ചു. ഡി​സി​സി ന​ല്‍​കു​ന്ന ര​ണ്ടാ​മ​ത് ഗാ​ന്ധി സേ​വാ പു​ര​സ്‌​കാ​രം ച​ട​ങ്ങി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ നിം​സ് മെ​ഡി​സി​റ്റി​ക്ക് സ​മ്മാ​നി​ച്ചു.

നൂ​റു​ള്‍ ഇ​സ്‌ലാം യൂ​ണി​വേ​ഴ്‌​സി​റ്റി പ്രൊ-ചാ​ന്‍​സ​ല​റും നിം​സ് മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ​സ്. ഫൈ​ സ​ല്‍ ഖാ​ന്‍ അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി. പാ​ള​യം ഇ​മാം ഡോ.​വി.​പി. ഷു​ഹൈ​ബ് മൗ​ല​വി, ഡോ.​ ജോ​ര്‍​ജ് ഓ​ണ​ക്കൂ​ര്‍, ഡോ.​ പി.​കെ. രാ​ജ​ശേ​ഖ​ര​ന്‍, ഡോ. ​ഓ​മ​ന​ക്കു​ട്ടി, ഡോ.​ എം.​ആ​ര്‍. ത​മ്പാ​ന്‍, കാ​വാ​ലം ശ്രീ​കു​മാ​ര്‍, പ​ന്ത​ളം ബാ​ല​ന്‍, തു​ട​ങ്ങി​യ​വ​രെ സ്മൃ​തി സം​ഗ​മ​ത്തി​ല്‍ ആ​ദ​രി​ച്ചു. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, എം.​എം.​ ഹ​സ​ന്‍, വി.​എ​സ്. ശി​വ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.