ഇന്ത്യ x ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി-20 പോരാട്ടം രാത്രി 8.30ന്
Friday, November 8, 2024 2:04 AM IST
ഡര്ബന്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പോരാട്ടത്തിന് ടീം ഇന്ത്യ. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ട്വന്റി-20 ടീം വൻ ഹൈപ്പിലാണ്.
ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ പരമ്പരകള്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിനു കീഴില്‍ ഇന്ത്യന്‍ സ്വന്തമാക്കിക്കഴിഞ്ഞു. തുടര്‍ച്ചയായ മൂന്നാം പരമ്പര നേട്ടമാണ് സൂര്യകുമാറും സംഘവും പ്രതീക്ഷിക്കുന്നത്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലു മത്സര ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്നു ഡര്‍ബനില്‍ അരങ്ങേറും. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ടോസ്.
ഐസിസി 2024 ട്വന്റി-20 ലോകകപ്പ് ഫൈനലിനു ശേഷം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ പോരാട്ടമാണ് ഇന്നു നടക്കുക.
സഞ്ജു-അഭിഷേക് ഓപ്പണ്‍
ബംഗ്ലാദേശിനെതിരായ ട്വന്റി-20യിലേതുപോലെ സഞ്ജു സാംസണും അഭിഷേക് ശര്‍മയുമായിരിക്കും ഇന്നു ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റര്‍മാര്‍. ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തില്‍ സഞ്ജു 47 പന്തില്‍ 111 റണ്‍സ് അടിച്ചെടുത്ത് കന്നി സെഞ്ചുറി കുറിച്ചിരുന്നു.
അടുത്ത ലോകകപ്പിലേക്കുള്ള സഞ്ജു-അഭിഷേക് ഓപ്പണിംഗ് സഖ്യത്തിന്റെ മറ്റൊരു ഓഡിഷനാണ് ഈ പരമ്പര. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ക് പാണ്ഡ്യ എന്നിവരും ഇന്ത്യന്‍ ബാറ്റിംഗിനു കരുത്തേകും.
2025 ഐപിഎല്ലില്‍ 23 കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തിയശേഷം ഹെന്റിച്ച് ക്ലാസന് ക്രീസിലെത്തുന്ന മത്സരമാണിന്നത്തേത്.