ഇരട്ടകളുടെ സ്നേഹ നടത്തം....
Friday, November 8, 2024 1:59 AM IST
കൊച്ചി: ഇഴപിരിയാത്ത ഇരട്ട സ്നേഹത്തിന്റെ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റിൽ കൈകോര്‍ത്ത് ശ്രേയയും ശ്രദ്ധയും. ഇരട്ട സഹോദരിമാരില്‍ മൂത്തവൾ യു. ശ്രേയ, സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലായിരുന്നു മത്സരിക്കേണ്ടിയിരുന്നത്. എന്നാൽ, 3000 മീറ്ററില്‍ പോരാട്ടത്തിനിറങ്ങിയത് സീനിയര്‍ വിഭാഗത്തിൽ.
ചേച്ചിമാര്‍ക്കൊപ്പം പോരാടി മിന്നും പ്രകടനം നടത്തി വെങ്കല നേട്ടവുമായാണ് പാലക്കാട് എലവഞ്ചേരി പനങ്ങാത്തിരി ആര്‍പിഎം എച്ച്എസിലെ കൊച്ചു മിടുക്കി മഹാരാജാസ് ട്രാക്ക് വിട്ടത്. ഇരട്ടകളിലെ അനുജത്തി ശ്രദ്ധയും ഇന്ന് പോരാട്ടത്തിന് ഇറങ്ങുന്നുണ്ട്. 3000 മീറ്റര്‍ നടത്തത്തില്‍ ജൂണിയര്‍ ചേച്ചിമാര്ക്കൊപ്പമാണ് ശ്രദ്ധ മത്സരിക്കുന്നത്. ശ്രേയയുടെ പോരാട്ടവീര്യം ശ്രദ്ധയ്ക്കും കരുത്ത് പകരുമെന്നുറപ്പ്.
സബ് ജൂണിയര്‍ വിഭാഗത്തില്‍ മൂന്നു കിലോമീറ്റര്‍ നടത്ത മത്സരം ഇല്ലാത്തതിനാലാണ് ഇരുവരും ജൂണിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി പോരാട്ടത്തിനിറങ്ങിയത്. പനങ്ങാട്ടിരി സ്കൂളിലെ എട്ടാംക്ലാസില്‍ ഒരേ ബഞ്ചില്‍ ഇരുന്നു പഠിക്കുന്ന ഇവര്‍ ഇരുമെയ്യും ഒരേ മനസുമാണെന്നു കായികാധ്യാപകനും കാലിക്കട്ട് സര്‍വകലാശാല മുൻ ലോംഗ് ജംപ് മെഡല്‍ ജേതാവുമായ ബിജു വാസുദേവന്‍ പറഞ്ഞു. ഒരു വര്‍ഷം മാത്രം പരിശീലനം നടത്തിയാണ് ശ്രേയയുടെ മിന്നും പ്രകടനം.
നടത്ത മത്സരത്തില്‍ ആരാണ് സീനിയര്‍ വിഭാഗത്തില്‍ മത്സരിക്കാനിറങ്ങുന്നതെന്ന് സ്കൂള്‍ തലത്തില്‍ സംസാരിച്ചപ്പോള്‍ രണ്ടാളും സീനിയറില്‍ മത്സരിക്കാമെന്നു പറഞ്ഞു. ഇതോടെ കായികാധ്യാപകന് പ്രതിസന്ധിയിലായി. സഹോദര സ്നേഹം മൂലം കൂടുതല്‍ ശക്തമായ പോരാട്ടത്തില്‍ നിന്നും ഒരാളെ മാറ്റാന്‍ രണ്ടു പേരും സീനിയര്‍ തലത്തില്‍ മത്സരിക്കാമെന്നു പറഞ്ഞത്.
ഒടുവില്‍ ടോസ് ഇട്ടാണ് ആരാണ് സീനിയർ, ജൂണിയര്‍ വിഭാഗങ്ങളില്‍ മത്സരിക്കേണ്ടതെന്നു തീരുമാനിച്ചത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂത്തവളായ ശ്രേയക്ക് തന്നെ സീനിയര്‍ നറുക്കു വീണു.
മഹാരാജാസ് സിന്തറ്റിക് ട്രാക്കില്‍ സംസ്ഥാന തല പോരാട്ടത്തിനിറങ്ങിയ ശ്രേയ 17:01.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെങ്കലത്തിന് അവകാശിയായത്.
നെല്ലിയാമ്പതിയുടെ താഴ്വരയായ ഇലവഞ്ചേരിയില് നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ ആഴ്ച്ചയില്‍ മൂന്നു ദിവസം എത്തിയാണ് ഇവരുടെ പരിശീലനം. സ്കൂളിലെ തന്നെ മറ്റൊരു കായികതാരമായ പി.വി. അശ്വിന്ബാബുവിന്റെ പിതാവ് ജീപ്പിലാണ് ഇവരെ പരിശീലനത്തിനായി കൊണ്ടു പോകുന്നത്.
ഇരട്ട സ്നേഹത്തിന്റെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് 35 കിലോമീറ്റര്‍ ദൂരമൊന്നും പ്രശ്നമേയല്ല. ഇന്നു ശ്രദ്ധയിലും ഉറച്ച മെഡല്‍ പ്രതീക്ഷയാണുള്ളത്. ഇലവഞ്ചേരി മന്നത്തുപാറയില് ഉണ്ണികൃഷ്ണന്റെയും ശാന്തയുടെയും മക്കളാണ് ഈ "ഇരട്ട' നടത്തക്കാരികള്.