നീന്തിത്തുടിച്ച് ട്രിവാൻഡ്രം
Friday, November 8, 2024 2:04 AM IST
കൊച്ചി: കോതമംഗലം എംഎ കോളജ് സ്വിമ്മിംഗ് പൂളില്‍ തൊട്ടതെല്ലാം പൊന്നാക്കി തിരുവനന്തപുരത്തിന്റെ കുതിപ്പ്.
സംസ്ഥാന സ്കൂള്‍ കായികമേളയോട് അനുബന്ധിച്ചു നടക്കുന്ന അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം ദിനത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 62 സ്വര്‍ണവും 46 വെള്ളിയും 47 വെങ്കലവുമുള്‍പ്പെടെ 551 പോയിന്റുമായി തിരുവനന്തപുരം ആധിപത്യം പുലർത്തുന്നു. എറണാകുളം 10 സ്വര്‍ണവും 19 വെള്ളിയും 10 വെങ്കലവുമുള്‍പ്പെടെ 139 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
ആറു സ്വര്‍ണവും 10 വെള്ളിയും ആറു വെങ്കലവുമായി 80 പോയിന്റോടെ കോട്ടയം മൂന്നാം സ്ഥാനത്തെത്തി. മികച്ച സ്കൂളുകളുടെ പട്ടികയില്‍ തിരുവനന്തപുരം കാര്യവട്ടം തുണ്ടത്തില്‍ എംവിഎച്ച്എസ്എസ് ആണ് മുന്നില്‍. 25 സ്വര്‍ണം, രണ്ട് വെള്ളി,ഒരു വെങ്കലം എന്നിങ്ങനെ 132 പോയിന്റാണ് തുണ്ടത്തില്‍ സ്കൂള്‍ താരങ്ങള്‍ എംഎ കോളജ് നീന്തല്‍ക്കുളത്തില്‍ നിന്നും നീന്തിയെടുത്തത്.
അഞ്ചു സ്വര്‍ണവും ഏഴു വെള്ളിയും അഞ്ചു വെങ്കലും ഉള്‍പ്പെടെ 51 പോയിന്റ് നേടിയ കളമശേരി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ രണ്ടാമതെത്തിയപ്പോള്‍ തിരുവനന്തപുരം പിരപ്പന്‍കോട് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഏഴു സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലുമായി 40 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്.
മൂന്നാം ദിനം എട്ടു മീറ്റ് റിക്കാര്‍ഡുകള്‍ പിറന്നു. സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ ആഞ്ചലീനാ ജസ്റ്റിൻ, ജൂണിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്ലേയില് മോന്‍ഗം തീര്‍ഥു, ജൂണിയര്‍ പെണ്‍കുട്ടികളുടെ 50 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ ആര്.എസ്. വൃന്ദ, 50 മീറ്റര്‍ ബാക് സ്ട്രോക്കില്‍ കെ. ദേവിക, സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ ഗൊട്ടേതി സമ്പത്കുമാർ, 400 മീറ്റര്‍ വ്യക്തിഗത മെഡ്ലേയില് എസ്. അഭിനവ്, സീനിയര്‍ പെണ്‍കുട്ടികളുടെ 50 മീറ്റര്‍ ബാക് സ്ട്രോക്കില്‍ റിയ എബി, 400 മീറ്റര്‍ വ്യക്തിഗത മെഡ്ലേയില് എം.ആര്. അഖില എന്നിവർ ഇന്നലെ റിക്കാര്‍ഡ് നേട്ടത്തിന് ഉടമകളായി.