400 മീറ്ററില്‍ റിക്കാർഡടക്കം മിന്നും പ്രകടനങ്ങള്‍
Friday, November 8, 2024 1:59 AM IST
കൊച്ചി: ട്രാക്കിലെ ഗ്ലാമര്‍ ഇനങ്ങളില്‍ ഒന്നായ 400 മീറ്ററില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ച്ചവച്ച കൗമാരതാരങ്ങൾ. ഒരു ലാപ്പ് ഓട്ടത്തിൽ ഒരു മീറ്റ് റിക്കാര്‍ഡും പിറന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം ജിവി രാജയുടെ മുഹമ്മദ് അഷ്ഫാഖാണ് റിക്കാര്‍ഡിന് അവകാശി.
സബ്ജൂണിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ മലപ്പുറത്തിന്റെ രാജനെ ട്രാക്ക് മാറി ഓടിയതിന് അയോഗ്യനാക്കപ്പെട്ടു. 55 സെക്കന്‍ഡിലായിരുന്നു ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകന് രാജന് ഒന്നാമതെത്തിയത്.
എന്നാൽ, സന്തോഷത്തിന് അൽപായുസേ ഉണ്ടായിരുന്നുള്ളൂ. അതോടെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിലെ പി.കെ. സായൂജ് ഒന്നാം സ്ഥാനക്കാരനായി.
കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ്സ് എച്ച്എസ്എസിലെ ശ്രീദേവ് ചന്ദ്രന് രണ്ടും ഇടുക്കി കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ അഫ്സിന് കെ. ഷഹനാസ് മൂന്നാമതും എത്തി.
സബ്ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ്സ് എച്ച്എസ്എസിലെ അല്ഖ ഷിനോജ്, സായ് തലശേരിയിലെ ഉത്രജ മനോജ്, ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസിലെ എയ്ഞ്ചല്‍ റോസ് ടെന്‍സി എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ആണ്‍കുട്ടികളുടെ ജൂണിയര്‍ വിഭാഗത്തില്‍ പാലക്കാട് കുമരംപുത്തൂര്‍ കെഎച്ച്എസിലെ എം. അമൃത്, പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ സെബിന് ജോര്‍ജ്, വയനാട് സിഎച്ച്എസിലെ സ്റ്റീഫന്‍ സാലു, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സായി തലശേരിയിലെ ഇവാന ടോമി, ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസിലെ ആർ. ശ്രേയ, പാലക്കാട് കൊടുവായൂര്‍ ജിഎച്ച്എസ്എസിലെ നിവേദിയ കലാധര്‍ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി.
സീനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ തിരുവനന്തപുരം ജിവി രാജയിലെ മുഹമ്മദ് അഷ്ഫാഖും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് പറളി എസ്എച്ചിലെ എം. ജ്യോതിക എന്നിവരും സ്വര്‍ണം നേടി.
കോതമംഗലം മാര്‍ ബേസിലിലെ ജാസിം ജെ. റസാഖ്, പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസിലെ ഷമില്‍ ഹുസൈന് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പെണ്‍കുട്ടികളുടെ മത്സരത്തില്‍ മലപ്പുറം കടക്കാശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ ജെ.എസ്. നിവേദ്യ, കട്ടപ്പന ജിടിഎച്ച്എസിലെ ജോബിന ജോബി എന്നിവരും രണ്ടും മൂന്നും സ്ഥാനക്കാരായി.
ആദ്യ വരവില്‍ റിക്കാര്‍ഡ് സ്വര്‍ണം
കൊച്ചി: കായികരംഗത്തേക്ക് ചുവടുവച്ചു രണ്ടു വര്‍ഷത്തിനുള്ളില്‍ സ്വന്തം പേരില്‍ 47.65 സെക്കൻഡിന്റെ പുതിയ റിക്കാര്‍ഡ് എഴുതിച്ചേർത്ത്, തിരുവനന്തപുരം ജിവി രാജയുടെ മുഹമ്മദ് അഷ്ഫാഖ്. സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററിലാണ് കഴിഞ്ഞ വര്‍ഷം പി. അഭിരാം കുറിച്ചിട്ട 48.06 സെക്കന്‍ഡിന്റെ റിക്കാർഡ് മുഹമ്മദ് തിരുത്തിയത്.
സ്പോര്‍ട്സ് പരിചയം തെല്ലുമില്ലാതിരുന്ന മുഹമ്മദിനെ ജിവി രാജ സ്പോര്‍ട്സ് അക്കാഡമി രണ്ട് വര്‍ഷം മുന്‍പ് തൃശൂര്‍ നടത്തിയ ടാലന്റ് സെലക്ഷനിലൂടെയാണ് കണ്ടെത്തിയത്. മുഹമ്മദിന്റെ ആദ്യ സംസ്ഥാന സ്കൂള്‍ മീറ്റായിരുന്നു ഇത്. തൃശൂര്‍ പെരിഞ്ഞലം സ്വദേശികളായ അഷ്റഫ്-ജസീന ദമ്പതികളുടെ മകനാണ്.