ഒന്നാമതെത്തിയിട്ടും ഒന്നുമില്ലാതെ മടക്കം
Friday, November 8, 2024 1:59 AM IST
കൊച്ചി: ഓടിക്കിതച്ച് ഒന്നാമതെത്തിയിട്ടും ട്രാക്ക് മാറിയതിന്റെ പേരില്‍ സ്വർണം കൈവിട്ട് മലപ്പുറം ജില്ലയിൽനിന്നുള്ള രാജന്.
സബ്ജൂണിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററിൽ കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ചതിന്റെ സന്തോഷം പാരമ്യത്തില്‍ നില്‍ക്കെയാണ് ട്രാക്ക് മാറി ഓടിയെന്ന കാരണത്താൽ രാജനെ അയോഗ്യനാക്കിയത്. ഇതോടെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിലെ പി.കെ. സായൂജ് സ്വര്‍ണത്തിന് അവകാശിയായി.
ജില്ലാതലത്തില്‍ 56 സെക്കൻഡ് കുറിച്ചാണ് രാജൻ സംസ്ഥാന മീറ്റിലേക്ക് യോഗ്യത നേടിയത്.ഇതിലും ഒരു സെക്കൻഡ് കുറഞ്ഞ സമയത്തില്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. 400 മീറ്ററില്‍ എല്ലാ കാറ്റഗറികളിലെയും മൽസരങ്ങൾ പൂര്‍ത്തിയാകുന്നതുവരെ രാജന്തന്നെയായിരുന്നു ഒന്നാം സ്ഥാനക്കാരന്.
വീഡിയോ ദൃശ്യങ്ങളുടെ സൂക്ഷമ പരിശോധനയിലാണ് രാജന് സ്വന്തം ട്രക്കില്‍ നിന്ന് ഗതിമാറി ഓടിയത് കണ്ടെത്തിയത്. ഇതോടെ രാജനെ അയോഗ്യനാക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി തേടി മലപ്പുറത്ത് എത്തിയ യുപിയിലെ ലക്നൗ സ്വദേശികളായ നിബര്- കൃഷ്ണബേട്ടി ദമ്പതികളുടെ നാല് മക്കളില്‍ മൂത്തയാളാണ് രാജന്. രാജന് ജനിച്ചതും വളര്‍ന്നതുമൊക്കെ കേരളത്തിലാണ്.
അലത്തിയൂര്‍ കെഎച്ച്എം എച്ച്എസ്എസിലെ അക്കാദമിയില്‍ കോച്ച് ഷാജീറിന്റെ ശിക്ഷണത്തിലാണ് രാജന്റെ പരിശീലനം. അപ്പീൽ നൽകുമെന്ന് കോച്ച് പറഞ്ഞു.