അമ്മയ്ക്കുള്ള സമ്മാനം...
Friday, November 8, 2024 2:04 AM IST
കൊച്ചി: ജീവിതത്തില്‍ പല വെല്ലുവിളികളും നേര്‍ക്കുനേര്‍ വരുമ്പോഴും അവയെ എല്ലാം പുഞ്ചിരിയോടെ നേരിടുന്ന തന്റെ പ്രിയപ്പെട്ട അമ്മയ്ക്കു സുവര്‍ണനേട്ടം സമ്മാനിച്ച് മിലന് ബാബു.
ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ കാന്‍സര്‍ രോഗം കൂടി ബാധിച്ചതോടെ ദുരിതത്തിന്റെ തീച്ചൂളയിലായ ഷീജ സാബുവിനു മകന് മിലന് ബാബുവിന്റെ സ്നേഹ സമ്മാനമാണ് ജൂണിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടിലെ സുവര്‍ണ നേട്ടം. കോട്ടയം പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മിലന് നാലു മീറ്റര്‍ ഉയരം മറികടന്നാണ് സ്വര്‍ണത്തില്‍ മുത്തമിട്ടത്.
ഏറ്റുമാനൂര്‍ വെട്ടിമുകള്‍ കൊല്ലംപറമ്പില്‍ സാബു-ഷീജ ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമനാണ് മിലൻ. പിതാവ് സാബു പതിനൊന്നു വര്‍ഷം മുമ്പ് അപകടത്തില്‍ മരിച്ചതോടെ കുടംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വം ഷീജയുടെ ചുമലിലായി. മിലനും സഹോദരങ്ങളായ മെല്‍ബയ്ക്കും മെല്‍ബിനും എന്തിനും ഏതിനും ആശ്രയം ഷീജമാത്രവും. മാസങ്ങള്‍ക്കു മുന്‍പാണ് ഷീജയ്ക്കു കാന്‍സര്‍ സ്ഥിരീകരിച്ചത്.
ഇപ്പോള്‍ ചികിത്സയിലാണ്. ചികിത്സയുടെ ഭാഗമായുള്ള ശാരീരീക അവശതകള്‍ അലട്ടിമ്പോഴും മകന്റെ സുവര്‍ണനേട്ടം ഈ അമ്മയ്ക്കു നൽകുന്ന സന്തോഷം ചെറുതല്ല. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും പരിശീലനത്തെ ബാധിക്കരുതെന്നും ദേശീയ തലത്തിലുള്‍പ്പെടെ മിന്നും പ്രകടനം നടത്താന്‍ മിലനു കഴിയണമെന്നുമാണ് ഷീജയുടെ ആഗ്രഹം.
മുന്‍ പവര്‍ ലിഫിറ്റിംഗ് വെയിറ്റ് -വെയിറ്റ് ലിഫിറ്റിംഗ് മത്സരാര്‍ഥി കൂടിയാണ് ഷീജ. മിലന്റെ സഹോദരി മെല്‍ബയും പോള്‍വോള്‍ട്ട് താരമാണ്. സഹോദരന് മെല്ബിന് കിടങ്ങൂര്‍ സെന്റ് മേരീസ് സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥി.