റോഡ്രിക്കിനും അയ്താന ബൊന്മാറ്റിനും ബലോണ്‍ ദോർ പുരസ്കാരം
Tuesday, October 29, 2024 11:44 PM IST
പാരീസ്: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബലോണ്‍ ദോർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിക്ക്. പ്രവചനങ്ങളെ അട്ടിമറിച്ച് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂണിയറെ പിന്തള്ളിയാണ് റോഡ്രി പുരസ്കാരം സ്വന്തമാക്കിയത്. റയലിന്റെ തന്നെ ജൂഡ് ബെല്ലിങ്ഗാമാണ് മൂന്നാമതെത്തിയത്.
വനിതാ ബലോണ്‍ ദോർ പുരസ്കാരത്തിന് തുടർച്ചയായ രണ്ടാം തവണയും ബാഴ്സലോണയുടെ സ്പാനിഷ്താരം അയ്താന ബൊന്മാറ്റി അർഹയായി. മികച്ച യുവതാരത്തിനുള്ള റെയ്മണ്ട് കോപ്പ പുരസ്കാരം ബാഴ്സലോണയുടെ സ്പാനിഷ്താരം ലാമിൻ യമാൽ സ്വന്തമാക്കി.
നിലവിൽ ഫുട്ബോളിലെ മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിലൊരാളായ റോഡ്രി യൂറോകപ്പിൽ സ്പാനിഷ് ടീമിനായും ക്ലബ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്കായും നടത്തിയ പ്രകടനങ്ങളാണ് പുരസ്കാരത്തിലെത്തിച്ചത്.
സ്പെയിനിനെ 2024 യൂറോ കപ്പ് നേട്ടത്തിലെത്തിക്കാൻ വലിയ പങ്കാണ് വഹിച്ചത്. യൂറോ കപ്പിലെ മികച്ച കളിക്കാനുള്ള പുരസ്കാരവും റോഡ്രിയാണ് നേടിയത്. പുരസ്കാരം നിർണയിച്ച കാലയളവിൽ 12 ഗോളും 15 അസിസ്റ്റും റോഡ്രിയുടെ പേരിലുണ്ട്.
മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പ്രീമിയർ ലീഗ്, ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ നേടി. 28-കാരൻ സ്പെയിനിനായി 57 മത്സരങ്ങളിൽനിന്ന് നാലു ഗോളും നേടി. യൂറോ കപ്പും നേഷൻസ് ലീഗും സ്വന്തമാക്കി. 2019 മുതൽ മാഞ്ചസ്റ്റർ സിറ്റിക്കായി കളിക്കുന്നു.
കഴിഞ്ഞ വർഷവും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നേടിയ അയ്താന ബൊൻമാറ്റിക്ക് ഇത്തവണയും വലിയ വെല്ലുവിളികളൊന്നുമില്ലായിരുന്നു. ബാഴ്സലോണയുടെ വനിതാ ടീമിനെ ലീഗ്, ചാന്പ്യൻസ് ലീഗ്, സൂപ്പർ കോപ്പ, കോപ്പ ഡെ ല റൈന എന്നീ നാലു കിരീടങ്ങളിലെത്തിക്കുന്നതിൽ മികച്ച പങ്ക് വഹിച്ചിരുന്നു. നാലു ടൂർണമെന്റിലുമായി 26 ഗോളുകൾ നേടുകയും ചെയ്തു. സ്പെയിനിനായി വനിത നേഷൻസ് ലീഗ് ഫൈനലിൽ ഫ്രാൻസിനെതിരേ രണ്ടു ഗോൾ നേടി ടീമിനെ ജയത്തിലെത്തിച്ചു.
റയൽ മഡ്രിഡിന്റെ ബ്രസീൽ താരം വിനീഷ്യസ് പുരസ്കാരം നേടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ താരം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിനീഷ്യസിന് പുരസ്കാരം ലഭിക്കില്ലെന്ന വിവരം നേരത്തതന്നെ പുറത്തുവന്നതിനെത്തുടർന്ന് റയൽ മാഡ്രിഡ് പ്രതിനിധികൾ ആരുംതന്നെ പുരസ്കാരച്ചടങ്ങിൽ പങ്കെടുത്തില്ല.
24-കാരനായ വിനീഷ്യസ് 24 ഗോളും 11 അസിസ്റ്റും റയലിനായി കഴിഞ്ഞ സീസണിൽ നേടിയിട്ടുണ്ട്. റയൽ 2023-24 സീസണിൽ ലാ ലിഗ, ചാന്പ്യൻസ് ലീഗ് ട്രോഫികൾ നേടുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു. ചാന്പ്യൻസ് ലീഗ് ഫൈനലിൽ ഗോൾ നേടുകയും ചെയ്തു.
മികച്ച ക്ലബ്ബായി റയൽ മാഡ്രിഡ് തെരഞ്ഞെടുക്കപ്പെട്ടു. റയൽ പരിശീലകൻ കാർലോ ആൻസിലോട്ടിക്കാണ് മികച്ച പരിശീലകനുള്ള യോഹാൻ ക്രൈഫ് പുരസ്കാരം. മികച്ച പരിശീലകയായി എമ്മ ഹെയ്സിനെ തെരഞ്ഞെടുത്തു.
മികച്ച വനിതാ ക്ലബ്ബിനുള്ള പുരസ്കാരം ബാഴ്സലോണ നേടി. അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ് മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്കാരം നേടി. ഹാരി കെയ്നും കിലിയൻ എംബപ്പെയും സീസണിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവർക്കുള്ള ഗ്രെഡ് മുള്ളർ പുരസ്കാരം പങ്കുവെച്ചു. സോക്രട്ടീസ് പുരസ്കാരം സ്പെയിനിന്റെ ജെനി ഹെർമോസ നേടി.
നേട്ടങ്ങളുമായി റോഡ്രി
പരിക്കേറ്റ കാലുമായി ക്രച്ചസിന്റെ സഹായത്തോടെ ബലോണ്‍ ദോർ പുരസ്കാര വേദിയിലെത്തി പുരസ്കാരം ചുണ്ടോടടുപ്പിച്ച് മടങ്ങിയ റോഡ്രി പല നേട്ടങ്ങളാണ് കൈവരിച്ചത്. സെപ്റ്റംബർ 22ന് ആഴ്സണലിനെതിരേ നടന്ന മത്സരത്തിനിടെ കാലിന് പരിക്കേറ്റ റോഡ്രിക്ക് ഈ സീസണ് പൂർണമായും നഷ്ടമായേക്കും.
64 വർഷത്തിനുശേഷമാണ് സ്പെയിനിൽ ജനിച്ച ഒരു പുരുഷതാരം ബലോണ്‍ ദോർ പുരസ്കാരം നേടുന്നത്. 1960ൽ മുൻ ബാഴ്സലോണ താരം ലൂയിസ് സുവാരസ് ആണ് മുന്‍പ് ഈ നേട്ടം കൈവരിച്ച സ്പാനിഷുകാരൻ. ഇതിനു മുന്‍പ് റയൽ മാഡ്രിഡ് ഇതിഹാസം ആൽഫ്രെഡോ ഡി സ്റ്റെഫാനോ രണ്ടു തവണ (1957, 1959) ബലോണ്‍ ദോർ നേടിയങ്കിലും ജനിച്ച സ്ഥലം അർജന്റീനയായിരുന്നു.
2006ൽ ഫാബിയോ കന്നവാരോ പുരസ്കാരം നേടിയശേഷം ആദ്യമായാണ് പ്രതിരോധനിരയിലെ ഒരാൾ ബലോണ്‍ദോർ നേടുന്നത്.
2008ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽവച്ച് ബലോണ്‍ ദോർ നേടിയ ശേഷം ആദ്യമായാണ് ഒരു പ്രീമിയർ ലീഗ് ലീഗ് ക്ലബ്ബിലെ കളിക്കാരൻ പുരസ്കാരം സ്വന്തമാക്കുന്നത്.
കഴിഞ്ഞ നാലു വനിതാ ബലോണ്‍ ദോർ പുരസ്കാരം സ്പാനിഷുകാർക്കാണ് (അലക്സിയ പ്യുട്ടെല്ലാസ് -2021, 2022. അയ്താന ബൊന്മാറ്റി- 2023, 2024)