രക്ഷയില്ലാ... കേരള ബ്ലാസ്റ്റേഴ്സ് 2-2 ഒഡീഷ എഫ്സി
Friday, October 4, 2024 3:45 AM IST
ഭുവനേശ്വർ: കലിംഗ സ്റ്റേഡിയത്തിലെ ഐഎസ്എൽ യുദ്ധത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഒഡീഷ എഫ്സിയും 2-2 സമനിലയിൽ പിരിഞ്ഞു. രണ്ടു ഗോളിന്റെ ലീഡ് ലഭിച്ചശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി പോയിന്റ് പങ്കുവച്ചത്.
മത്സരത്തിന്റെ 36 മിനിറ്റിനുള്ളിൽ നാലു ഗോൾ പിറന്നു. 18-ാം മിനിറ്റിൽ ജെസ്യൂസ് ജിമെനെസിന്റെ അസിസ്റ്റിൽ നോഹ് സദൗയി കേരള ബ്ലാസ്റ്റേഴ്സിനു ലീഡ് നൽകി. മൂന്നു മിനിറ്റിന്റെ ഇടവേളയ്ക്കുശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഒഡീഷയുടെ വലയിൽ പന്തു നിക്ഷേപിച്ചു. നോഹ് സദൗയിയുടെ അസിസ്റ്റിൽ ജെസ്യൂസ് ജിമെനെസായിരുന്നു സ്കോർ ചെയ്തത്.
സെൽഫ്/കൈ ചോർന്നു
പ്രതിരോധത്തിന്റെയും ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെയും പിഴവിലൂടെ ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ തിരികെ വാങ്ങിയത്. ഒഡീഷയുടെ ഗോൾ ശ്രമം കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കാതെ തട്ടിത്തെറിപ്പിക്കാൻ സച്ചിൻ സുരേഷ് ശ്രമിച്ചതു പിഴച്ചു. പന്ത് അലക്സാന്ദ്രെ കോഫിന്റെ ദേഹത്തുതട്ടി ഗോൾ ലൈൻ കടന്നു. 36-ാം മിനിറ്റിൽ ഒഡീഷയുടെ സമനില. ഡീഗോ മൗറീഷ്യോയായിരുന്നു ഗോൾനേട്ടക്കാരൻ.
71-ാം മിനിറ്റിൽ കോഫിനു പകരം അഡ്രിയാൻ ലൂണയും കെ.പി. രാഹുലിനു പകരം മുഹമ്മദ് അസ്ഹറുമെത്തി. 85-ാം മിനിറ്റിൽ ജിമെനെസിനെ പിൻവലിച്ച് ഖ്വാമെ പെപ്രയെ ഇറക്കി അവസാന ആക്രമണത്തിനും ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സമനിലയോടെ നാലു മത്സരങ്ങളില്‍നിന്ന് അഞ്ചു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്കുയര്‍ന്നു.