നീരജ്, നിരാശ...
Friday, September 19, 2025 2:04 AM IST
ടോക്കിയോ: 2022 ഒളിമ്പിക്സില്‍ സ്വര്‍ണം ലഭിച്ച ടോക്കിയോ, 2025 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്രയെ തുണച്ചില്ല. ലോക ചാമ്പ്യന്‍ഷിപ്പ് പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ മാത്രമാണ് സാധിച്ചത്.
2023 ബുഡാപെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം സ്വന്തമാക്കിയ നീരജിന്റെ, ഏറ്റവും മോശം പ്രകടനമായിരുന്നു ഇന്നലെ ടോക്കിയോയില്‍ കണ്ടത്. 84.03 മീറ്റര്‍ മാത്രമാണ് നീരജ് ഇന്നലെ നടന്ന ഫൈനലില്‍ ജാവലിന്‍ എറിഞ്ഞതെന്നതും നിരാശയ്ക്ക് ആക്കംകൂട്ടി.
27ല്‍ പിഴച്ചു; മെഡല്‍ ഇല്ല
അവസാനം മത്സരിച്ച 26 വേദികളിലും ആദ്യ രണ്ട് സ്ഥാനത്തു ഫിനിഷ് ചെയ്ത, ലോക ഒന്നാം നമ്പറായ നീരജ് ടോക്കിയോ ലോക ചാമ്പ്യന്‍ഷിപ്പിലും ഫേവറിറ്റായാണ് എത്തിയത്. ആദ്യ ശ്രമത്തില്‍ 83.65 മീറ്റര്‍ മാത്രമേ നീരജ് ക്ലിയര്‍ ചെയ്തുള്ളൂ. രണ്ടാം ശ്രമത്തില്‍ 84.03 മീറ്റര്‍. മൂന്നാം ശ്രമം ഫൗള്‍. നാലാം ശ്രമം 82.86 മീറ്റര്‍. അഞ്ചാം ശ്രമം വീണ്ടും ഫൗള്‍.
27-ാം വേദിയില്‍ പിഴച്ചതോടെ നീരജിന്റെ തുടര്‍ച്ചയായ മെഡല്‍ നേട്ടത്തിനും വിരാമമായി. 2021 മുതലാണ് ആദ്യ രണ്ട് സ്ഥാനത്തുള്ള നീരജിന്റെ തുടര്‍ച്ചയായ ഫിനിഷിംഗ് ആരംഭിച്ചത്. ഈ ജൈത്രയാത്രയ്ക്കിടെ രണ്ട് ഒളിമ്പിക് (സ്വര്‍ണം, വെള്ളി) മെഡലും ഒരു ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണവും നീരജ് സ്വന്തമാക്കി.
40 സെന്റിമീറ്റര്‍; സച്ചിനു മെഡല്‍ നഷ്ടം
നീരജ് ചോപ്രയ്ക്കൊപ്പം ജാവലിന്‍ ത്രോ ഫൈനലിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യമായിരുന്നു സച്ചിന് യാദവ്. ആദ്യ ശ്രമത്തില്‍ 86.27 മീറ്റര്‍ ക്ലിയര്‍ ചെയ്ത് മൂന്നാം റൗണ്ട് വരെ ടോപ് ത്രീയില്‍ തുടര്‍ന്നു.
എന്നാല്‍, നാലാം ശ്രമത്തില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോണ്‍ വാല്‍ക്കോട്ട് 88.16 മീറ്റര്‍ ക്ലിയര്‍ ചെയ്ത് സ്വര്‍ണം ഉറപ്പാക്കിയതോടെ സച്ചിന് യാദവ് നാലാം സ്ഥാനത്തേക്ക് ഇറങ്ങി. എങ്കിലും നീരജ് ചോപ്രയേക്കാള്‍ മികച്ച പ്രകടനം നടത്തിയതിന്റെ ആശ്വാസത്തിലാണ് സച്ചിന് യാദവ്. ഈ ഉത്തര്പ്രദേശ്കാരന്റെ മികച്ച പ്രകടനവും ഇതാണ്.
വെറും 40 സെന്റിമീറ്ററിനാണ് സച്ചിന് യാദവിന് വെങ്കലം നഷ്ടപ്പെട്ടത്. 88.67 മീറ്റര്‍ ജാവലിന്‍ പായിച്ച അമേരിക്കയുടെ കര്‍ട്ടിസ് തോംപ്സണ്, സച്ചിനെ (88.27) പിന്തള്ളി വെങ്കലം സ്വന്തമാക്കി. ഗ്രനാഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സിനാണ് (87.38) വെള്ളി. 2024 പാരീസ് ഒളിമ്പിക്സ് സ്വര്‍ണ ജേതാവായ പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമിന് (82.75) 10-ാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ.
പുറംവേദന ഉണ്ടായിരുന്നു: നീരജ് ചോപ്ര
ടോക്കിയോ: കഴിഞ്ഞ 26 മത്സര വേദിയിലും ആദ്യ രണ്ടു സ്ഥാനം സ്വന്തമാക്കിയ, പുരുഷ ജാവലിന്‍ ത്രോയില്‍ ലോക ഒന്നാം നമ്പര്‍ താരമായ നീരജ് ചോപ്ര 2025 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മത്സരിച്ചത് ആരോഗ്യപ്രശ്നങ്ങളോടെ.
“എന്താണ് സംഭവിച്ചതെന്ന് എനിക്കു മനസിലാകുന്നില്ല. ഇങ്ങനെയൊന്ന് വളരെക്കാലമായി സംഭവിച്ചിട്ടില്ല. ടോക്കിയോയിലേക്കു വരുന്നതിനു മുമ്പ് കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. രണ്ട് ആഴ്ച മുമ്പ് പുറത്തിനു ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അതു തരണം ചെയ്യാമെന്നാണ് ഞാന്‍ വിചാരിച്ചത്.
ജാവലിന്‍ വളരെ കടുപ്പമുള്ള പോരാട്ടമാണ്. നിങ്ങള്‍ പൂര്‍ണ ആരോഗ്യത്തില്‍ അല്ലെങ്കില്‍ പുറത്താകും. സാരമില്ല, ഇതില്‍നിന്ന് ഞാന്‍ പാഠമുള്‍ക്കൊണ്ടു’’- ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുശേഷം നീരജ് ചോപ്ര പറഞ്ഞു.