ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ; നീരജ് വാഴട്ടെ...
Wednesday, September 17, 2025 12:48 AM IST
ടോക്കിയോ: 2025 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം നീരജ് ചോപ്ര ഇന്നു ഫീല്‍ഡില്‍ ഇറങ്ങും. പുരുഷ ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യനായ നീരജ്, സ്വര്‍ണം നിലനിര്‍ത്താനുള്ള മുന്നൊരുക്കത്തിലാണ്.
ഡയമണ്ട് ലീഗ് ചാമ്പ്യന്‍ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍, ഒളിമ്പിക് സ്വര്‍ണ ജേതാവ് പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം എന്നിവരാണ് നീരജിന്റെ പ്രധാന എതിരാളികള്‍. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.40 മുതല്‍ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലാണ് നീരജ് മത്സരിക്കുക. നീരജിന് ഒപ്പം സച്ചിന് യാദവും ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്രൂപ്പ് എ യോഗ്യതയില്‍ ഉണ്ട്.
ഇന്ത്യ x പാക്കിസ്ഥാന്
ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയതിന്റെ വിവാദം കെട്ടടങ്ങുന്നതിനു മുമ്പ് മറ്റൊരു ഇന്ത്യ x പാക് പോരാട്ടത്തിനുള്ള വഴിയൊരുങ്ങുകയാണ്. പുരുഷ ജാവലിന്‍ ത്രോയില്‍ നീരജും പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമും തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നതിനാണ് കളമൊരുങ്ങുന്നത്. നീരജ് ഗ്രൂപ്പ് എയിലാണ് യോഗ്യത റൗണ്ടില്‍ മത്സരിക്കുന്നതെങ്കില്‍ അര്‍ഷാദ് ഗ്രൂപ്പ് ബിയിലാണ്. ഗ്രൂപ്പ് ബിയില്‍ ഇന്ത്യയുടെ രോഹിത് യാദവ്, യഷ്വീര്‍ സിംഗ് എന്നിവരുമുണ്ട്.
അബൂബക്കര്‍, ചിത്രവേല്‍
മലയാളി താരം അബ്ദുള്ള അബൂബക്കര്‍, തമിഴ്നാടിന്റെ പ്രവീണ്‍ ചിത്രവേല്‍ എന്നിവര്‍ പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപിന്റെ യോഗ്യതാ റൗണ്ടില്‍ ഇന്നിറങ്ങും. ഉച്ചകഴിഞ്ഞ് 3.35നാണ് യോഗ്യതാ റൗണ്ട്. ഗ്രൂപ്പ് എയിലാണ് അബ്ദുള്ള അബൂബക്കര്‍. പ്രവീണ്‍ ഗ്രൂപ്പ് ബിയിലും. പുരുഷ വിഭാഗം 200 മീറ്റര്‍ ഹീറ്റ്സില്‍ ഇന്ത്യയുടെ അനിമേഷ് കുഴൂറും ഇന്നിറങ്ങും. ഹീറ്റ് മൂന്നിലാണ് അനിമേഷ് മത്സരിക്കുന്നത്.