മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റില്ല
Wednesday, September 17, 2025 12:48 AM IST
ദുബായ്: ഇന്ത്യയോട് ഏറ്റുവാങ്ങിയ വൻ തോൽവിക്കു പിന്നാലെ ഹസ്തദാന വിവാദത്തിലും പാക്കിസ്ഥാനു തിരിച്ചടി. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ ഏഷ്യ കപ്പ് 2025 സീസണിൽനിന്ന് ഒഴിവാക്കണമെന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) ആവശ്യം ഐസിസി തള്ളി.
ടോസ് സമയത്ത് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയ്ക്ക് ഹസ്തദാനം നൽകേണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനോട് മാച്ച് റഫറി പൈക്രോഫ്റ്റ് ആവശ്യപ്പെട്ടതായി പിസിബി ഐസിസിയിൽ പരാതി നൽകി. ഐസിസി പെരുമാറ്റച്ചട്ടവും ക്രിക്കറ്റ് സ്പിരിറ്റുമായി ബന്ധപ്പെട്ട എംസിസി നിയമങ്ങളും മാച്ച് റഫറി ലംഘിച്ചതായി പിസിബി പരാതിയിൽ ചൂണ്ടിക്കാട്ടി.
പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കിൽ തുടർന്നുള്ള മത്സരങ്ങൾ ബഹിഷ്കരിക്കുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി. ബഹിഷ്കരണ നിലപാട് കടുപ്പിച്ച് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.
പൈക്രോഫ്റ്റിനെ നീക്കം ചെയ്യില്ലെന്നും അപേക്ഷ തള്ളുകയാണെന്നും വ്യക്തമാക്കി ഐസിസി, പിസിബിക്ക് മറുപടി നൽകി. 69കാരനായ പൈക്രോഫ്റ്റ് ഇന്ന് നടക്കുന്ന യുഎഇക്കെതിരായ പാകിസ്ഥാന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം നിയന്ത്രിക്കും.
മൗനം വെടിഞ്ഞ് ബിസിസിഐ
ക്രിക്കറ്റിൽ മത്സരത്തിനൊടുവിൽ എതിർ ടീമുമായി കൈ കൊടുക്കുന്നത് സൗഹാർദ പ്രവൃത്തി മാത്രമാണ്. ഇക്കാര്യത്തിൽ നിയമമില്ല.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ടീം അംഗങ്ങൾ പാക്കിസ്ഥാൻ താരങ്ങളുമായി കൈ കൊടുക്കുന്നതിൽ അർഥമില്ലെന്ന് മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.