യുഎഇക്ക് എതിരായ മത്സരത്തിനായി ടീം ഹോട്ടല്വിടാതെ പാക് ടീമിന്റെ സമ്മര്‍ദതന്ത്രം
Thursday, September 18, 2025 1:39 AM IST
ദുബായ്: ഇന്ത്യ x പാക്കിസ്ഥാന് വൈരത്തിന്റെ അലയൊലി 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ ഷെഡ്യൂളിനെത്തന്നെ ബാധിച്ചു.
ഇന്ത്യക്തെതിരേ 14നു നടന്ന മത്സരത്തില്‍ ടോസിന്റെ സമയത്തും മത്സരം കഴിഞ്ഞും ടീം ക്യാപ്റ്റന്മാരും കളിക്കാരും ഹസ്തദാനം നല്‍കാത്തതിന്റെ ബാക്കിപത്രമായി ഇന്നലെ യുഎഇക്ക് എതിരായ മത്സരത്തിനായി ടീം ഹോട്ടല്വിടാതെ പാക് ടീമിന്റെ സമ്മര്‍ദതന്ത്രം.
ഇന്ത്യ x പാക് മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കണമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) ആവശ്യം ഐസിസി നിരാകരിച്ചതിനു പിന്നാലെയാണ് ഇന്നലെ മത്സരത്തിനായി ഇറങ്ങാതെ പാക് ടീം ഹോട്ടലില്‍ തങ്ങിയത്.
ഇന്ത്യന്‍ സമയം ഇന്നലെ രാത്രി എട്ടിന് ആരംഭിക്കേണ്ടിയിരുന്ന യുഎഇക്ക് എതിരായ മത്സരത്തിനായി 8.30നാണ് പാക് ടീം എത്തിയത്. അതീവ സമ്മര്‍ദമുണ്ടായെങ്കിലും പാക്കിസ്ഥാന് x യുഎഇ മത്സരത്തിലും ആന്‍ഡി പൈക്രോഫ്റ്റ് മാച്ച് റഫറിയായി തുടരും. ആന്‍ഡി പൈക്രോഫ്റ്റാണ് പാക് ക്യാപ്റ്റന്‍ സല്മാന് ആഗയോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഹസ്തദാനം നല്‍കേണ്ടെന്നു പറഞ്ഞെന്നും ടീം ലിസ്റ്റ് കൈമാറ്റം ചെയ്യിക്കാതിരുന്നെന്നുമാണ് പിസിബിയുടെ ആരോപണം.
“പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞു’’
പിസിബി ചെയര്‍മാനും എസിസി പ്രസിഡന്റുമായ മൊഹ്സിന്‍ നഖ്വി, പാക്കിസ്ഥാന്റെ മുന്‍ ചെയര്മാന്മാരായ റമീസ് രാജ, നജാം സേത്തി തുടങ്ങിയവരുമായി സജീവ ചര്‍ച്ച നടത്തിയശേഷമാണ് പാക് ക്രിക്കറ്റ് ടീമിനോട് ഹോട്ടലില്‍ തുടരാന്‍ നിര്‍ദേശിച്ചതെന്നാണ് വിവരം. മത്സരത്തിന്റെ സമയം അടുക്കുമ്പോഴും നഖ്വി, റമീസ് രാജ അടക്കമുള്ളവരോട് ബന്ധപ്പെട്ടിരുന്നതായാണ് ലഭിച്ച റിപ്പോര്‍ട്ട്.
പാക് ടീം ഗ്രൗണ്ടിലേക്ക് എത്തിയതിനു പിന്നാലെ, പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞെന്നും ഇന്ത്യ x പാക് മത്സരത്തില്‍ പെരുമാറ്റച്ചട്ട ലംഘനം നടന്നോ എന്ന് അന്വേഷിക്കുമെന്ന് ഐസിസി അറിയിച്ചതായും പിസിബി പ്രസ്താവിച്ചു.
പാക് പട 146
ദുബായ്: യുഎഇക്ക് എതിരായ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ നേടിയത് 146 റണ്‍സ്. ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണിത്. അർധസെഞ്ചുറി നേടിയ ഫഖാർ സമനും (36 പന്തിൽ 50) തകർത്തടിച്ച ഷഹീൻ അഫ്രീദിയുമാണ് (14 പന്തിൽ 29 നോട്ടൗട്ട്) പാക്കിസ്ഥാനെ 146ൽ എത്തിച്ചത്.