റിസ്റ്റ് ബെസ്റ്റ് കുൽദീപ്...
Tuesday, September 16, 2025 2:23 AM IST
ദുബായ്: ഏഷ്യ കപ്പ് ഇന്ത്യ- പാക്കിസ്ഥാൻ മത്സരമായിരുന്നു ഇതുവരെ ചർച്ചയെങ്കിൽ രണ്ടു മത്സരങ്ങളിലും എതിരാളികളെ കറക്കി വീഴ്ത്തി കളിയിലെ താരമായ ഇന്ത്യയുടെ ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവാണ് യഥാർഥ ഹീറോ.
ആദ്യ മത്സരത്തിൽ നാല് വിക്കറ്റുമായി റിസ്റ്റ് സ്പിന്നർ കളം നിറഞ്ഞപ്പോൾ എതിരാളിയായ യുഎഇ 57 റണ്‍സിന് പുറത്ത്. സമ്മർദങ്ങളുടെയും വിവാദങ്ങളുടെയും നടുവിൽ പാക്കിസ്ഥാനെതിരായ രണ്ടാം മത്സരത്തിൽ മൂന്ന് വിക്കറ്റ്. രണ്ടു മത്സരത്തിലും കളിയിലെ താരം. കുൽദീപിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സ്പെല്ലുകളാണ് കാണുന്നത്.
സ്ഥിര സാന്നിധ്യമില്ല!
ടീമിൽ വന്നും പോയും സ്ഥിരസാന്നിധ്യമല്ലാതെ നിൽക്കുന്ന ചൈനാമാൻ 2024 ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഈ പരന്പരയ്ക്ക് മുന്‍പ് അവസാനമായി കളിച്ചത്. ഇടവേളകളിൽ ലഭിക്കുന്ന അവസരങ്ങളിൽ കുൽദീപ് വന്പൻ ഇംപാക്ട് ഉണ്ടാക്കുന്നു. ഏഷ്യ കപ്പിന് മുന്‍പ് നടന്ന ഇംഗ്ലണ്ട് പര്യടനത്തിലും താരത്തിന് പന്തെറിയാൻ അവസരം ലഭിച്ചില്ല. നീണ്ട ഇടവേളയൊരുക്കി കണ്ണടച്ചവരുടെ കണ്ണു തുറപ്പിച്ചുകൊണ്ടാണ് ഇടംകൈയൻ റിസ്റ്റ് സ്പിന്നർ ഏഷ്യ കപ്പിൽ താരമാകുന്നത്.
ഏഷ്യ കപ്പിൽ കലക്കി
ഏഷ്യാ കപ്പിലെ തുടർച്ചയായ രണ്ടു മത്സരങ്ങളിലും കളിയിലെ താരമായെന്നത് ചൈനാമാന്റെ മികവ് ഉറപ്പിക്കുന്നതാണ്. ആദ്യ മത്സരത്തിൽ യുഎഇക്കെതിരേ 13 പന്തിൽനിന്ന് നാല് വിക്കറ്റുകൾ. നീണ്ട ഇടവേളയ്ക്കുശേഷം ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. ആദ്യ ഓവറിൽ വിക്കറ്റ് ഒന്നും ലഭിച്ചില്ലെങ്കിലും രണ്ടാമത്തെ ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി കുൽദീപ് വരവറിയിച്ചു. മത്സരത്തിൽ 2.1 ഓവറിൽ ഏഴ് റണ്‍സ് വഴങ്ങി നേടിയത് നാല് വിക്കറ്റ്.
രണ്ടാം മത്സരത്തിൽ പാക്കിസ്ഥാന്റെ നട്ടെല്ലൊടിച്ചത് കുൽദീപാണ്. നാല് ഓവറിൽ 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ്. പാക് ടോട്ടൽ ഇതോടെ 129 റണ്‍സിൽ അവസാനിച്ചു. ഇന്ത്യക്ക് അനായാസ ജയം.
മികച്ച വേട്ടക്കാരൻ
പാക്കിസ്ഥാനെ കറക്കി വീഴ്ത്തിയതോടെ ആർ. അശ്വിനെ മറികടന്ന് ട്വന്റി-20 വിക്കറ്റ് വേട്ടയിൽ അഞ്ചാമനായി കുൽദീപ്. 41 മത്സരത്തിൽനിന്ന് 73 വിക്കറ്റ് സന്പാദ്യം. അർഷ്ദീപ് സിംഗാണ് ഒന്നാമത്.
നീണ്ട ഇടവേള
2024 ജൂണ്‍ 29ന് ദക്ഷിണാഫ്രിക്കയെ തകർത്ത് ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കിയതാണ് ഏഷ്യ കപ്പിന് മുന്‍പ് കുൽദീപ് കളിച്ച അവസാന മത്സരം. ശേഷം ഒരാഴ്ചയ്ക്കുള്ളിൽ സിംബാബ്വെയ്ക്കെതിരേ നടന്നതടക്കം ഒരു മത്സരത്തിലും പന്തെറിയാൻ താരത്തിന് അവസരം ലഭിച്ചില്ല. കുൽദീപിന്റെ ഇടവേളയിലെ പരന്പരകൾ:
2024 ജൂലൈ ആറ് മുതൽ സിംബാബ്വെയ്ക്കെതിരേ മൂന്ന് മത്സരം.
ജൂലൈ 27 മുതൽ ശ്രീലങ്കയ്ക്കെതിരേ മൂന്ന് മത്സരം.
സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരേ രണ്ട് മത്സരം.
നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാല് മത്സരം.
2025 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സരം.
2017ലാണ് ചൈനാമാനെന്നു വിളിപ്പേരുള്ള 30കാരനായ ഇടംകൈയൻ റിസ്റ്റ് സ്പിന്നർ കുൽദീപ് ട്വന്റി20യിൽ ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിച്ചത്. മൂന്നു ഫോർമാറ്റിലും ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായ ഉത്തർപ്രദേശ് സ്വദേശിയായ കുൽദീപ് 41 ട്വന്റി-20 മത്സരത്തിൽനിന്ന് 73 വിക്കറ്റുകൾ നേടി. 13.40 ബൗളിംഗ് ശരാശരി. വിക്കറ്റ് വേട്ടയിൽ ഇന്ത്യൻ ബൗളർമാരിൽ അഞ്ചാമൻ.