യുവേഫ ചാമ്പ്യന്‍സ് ലീഗ് കിക്കോഫ് ഇന്ന്
Tuesday, September 16, 2025 2:23 AM IST
മാഡ്രിഡ്/ലണ്ടന്‍: ക്ലബ് ഫുട്ബോള്‍ ലോകത്തിലെ വമ്പന്‍ പോരാട്ടമായ യുവേഫ ചാമ്പ്യന്‍സ് ലീഗ് 2025-26 സീസണിന് ഇന്നു കിക്കോഫ്.
ഇന്ത്യന്‍ സമയം ഇന്നു രാത്രി 10.15ന് സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ ബില്‍ബാവോ ഇംഗ്ലീഷ് സംഘമായ ആഴ്സണലിനെ ബില്ബാവോയില്വച്ചും നെതര്‍ലന്‍ഡ്സില്‍നിന്നുള്ള പിഎസ്വി ഐന്തോവന് ബെല്‍ജിയം ക്ലബ്ബായ യൂണിയന് സെന്റ് ഗില്ലോസിനെ ഐന്തോവനില്വച്ചും നേരിടുന്നതോടെയാണ് ഈ സീസണ് ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ക്കു പന്തുരുണ്ടു തുടങ്ങുന്നത്.
12.30നു നടക്കുന്ന മറ്റു മത്സരങ്ങള്‍ക്കായി സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്, ഇറ്റാലിയന്‍ കരുത്തരായ യുവന്റസ്, ഇംഗ്ലീഷ് ഗ്ലാമര്‍ ടീം ടോട്ടന്‍ഹാം ഹോട്സ്പുര്‍, ഫ്രഞ്ച് സംഘം മാഴ്സെ തുടങ്ങിയ ക്ലബ്ബുകളും കളത്തിലുണ്ട്. സോണി ടെന്‍ ചാനലുകളിലും സോണി ലിവിലും മത്സരങ്ങള്‍ തത്സമയം കാണാം.
പരിക്കിന്റെ വേദന
അത്ലറ്റിക് ബില്‍ബാവോയ്ക്ക് എതിരേ ഇറങ്ങുന്ന ആഴ്സണലിനും മാഴ്സെയ്ക്കെതിരേ ഇറങ്ങുന്ന റയല്‍ മാഡ്രിഡിനും പരിക്കിന്റെ വേദനയുണ്ട്. ആഴ്സണലിന്റെ മൂന്നു മുന്‍നിര താരങ്ങള്‍ പരിക്കിനെത്തുടര്‍ന്ന് ഇന്നത്തെ മത്സരത്തില്‍ ഉണ്ടായേക്കില്ല എന്നാണ് സൂചന.
ഹാംസ്ട്രിംഗ് പ്രശ്നമുള്ള സാക്ക, മുട്ടിനു പരിക്കേറ്റ ഹാവേര്‍ട്സ്, പേശിക്കു പരിക്കേറ്റ നോര്‍ഗാര്‍ഡ് എന്നിവര്‍ ആഴ്സണല്‍ സംഘത്തില്‍ ഇറങ്ങാന്‍ സാധ്യത കുറവാണ്. ഇതിനു പുറമേ ഷോള്‍ഡര്‍ പ്രശ്നമുള്ള ഒഡെഗാര്‍ഡ്, കണങ്കാലിനു പരിക്കേറ്റ സാലിബ എന്നിവരും ഗണ്ണേഴ്സ് സംഘത്തില്‍ ഉണ്ടായേക്കില്ല എന്നാണ് സൂചന.
മാഴ്സെയ്ക്ക് എതിരേ ഇറങ്ങുന്ന റയല്‍ മാഡ്രിഡ് സംഘത്തിലും മുന്‍നിര താരങ്ങള്‍ക്കു പരിക്കുണ്ട്. തോളിനു പരിക്കേറ്റ ജൂഡ് ബെല്ലിങ്ഗം, ഹാംസ്ട്രിംഗ് പരിക്കുള്ള എന്‍ഡ്രിക്, തുടയ്ക്കു പരിക്കേറ്റ മെന്‍ഡി, റുഡിഗര്‍ എന്നിവര്‍ ഇല്ലാതെയായിരിക്കാം റയല്‍ മാഡ്രിഡ് സ്വന്തം തട്ടകമായ സാന്റിയാഗൊ ബര്‍ണബ്യൂവില്‍ ഇറങ്ങുക. ഫിറ്റ്നസ് പ്രശ്നമുള്ള എഡ്വാര്‍ഡോ കമവിംഗ കളിക്കുമോ എന്നതും കണ്ടറിയണം.