പാക് സമ്മര്‍ദം വിഫലമാക്കിയ ഇന്ത്യക്കാരന്
Friday, September 19, 2025 2:04 AM IST
ദുബായ്: മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍നിന്ന് പുറത്താക്കണമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) ആവശ്യവും, പിന്നീട് നടത്തിയ സമ്മര്‍ദവും ഐസിസി അതിജീവിച്ചത് ഒരു ഇന്ത്യക്കാരന്റെ ഇടപെടലിലൂടെ.
ഐസിസി ചെയര്‍മാനായ ജയ് ഷാ ആയിരിക്കുമെന്നാണു കരുതുന്നതെങ്കില്‍, അല്ലെന്നുത്തരം. പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത് ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ (സിഇഒ) സഞ്ജോഗ് ഗുപ്തയായിരുന്നു.
സഞ്ജോഗ് ഗുപ്തയുടെ നയതന്ത്ര ചര്‍ച്ചയാണ് പിസിബിയുടെ സമ്മര്‍ദത്തില്‍ ഐസിസി വഴങ്ങാതിരിക്കാന്‍ കാരണം. യുഎഇക്ക് എതിരേ ബുധനാഴ്ച നടന്ന മത്സരത്തിനായി പാക് ക്രിക്കറ്റ് ടീമിനെ ഹോട്ടലില്‍നിന്ന് ഇറക്കാതെയായിരുന്നു പിസിബിയുടെ സമ്മര്‍ദതന്ത്രം. ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു മണിക്കൂര്‍ വൈകി പാക് ക്രിക്കറ്റ് ടീം മൈതാനത്ത് എത്തുകയായിരുന്നു. പൈക്രോഫ്റ്റിനു പകരമായി റിച്ചി റിച്ചാര്‍ഡ്സനെ മാച്ച് റഫറി ആക്കണമെന്നായിരുന്നു പിസിബിയുടെ ആവശ്യം.
ഇ-മെയില്‍ യുദ്ധം
പിസിബിയും ഐസിസിയും തമ്മില്‍ ഇ-മെയില്‍ വഴിയായിരുന്നു വാദപ്രതിവാദങ്ങള്‍ നടത്തിയത്. ഇന്ത്യ x പാക് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പെരുമാറ്റച്ചട്ട ലംഘനം നടന്നോ എന്നു പരിശോധിക്കുമെന്നും പൈക്രോഫ്റ്റ് മാപ്പു പറഞ്ഞെന്നും അവകാശപ്പെട്ട് പിസിബി പ്രസ്താവന ഇറക്കിയശേഷമാണ് യുഎഇക്ക് എതിരേ പാക് ടീം ഇറക്കിയത്. എന്നാല്‍, പൈക്രോഫ്റ്റ് മാപ്പു പറഞ്ഞില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ഐസിസിയുടെ സിഇഒ ആകുന്ന ആദ്യ ഇന്ത്യക്കാരനാണ് സഞ്ജോഗ്. ജിയൊസ്റ്റാര് സിഇഒ ആയിരിക്കേയാണ് ഈ വര്‍ഷം ജൂലൈയില്‍ സഞ്ജോഗ് ഗുപ്ത ഐസിസിയിലേക്ക് എത്തിയത്.