സ്മൃതി നമ്പര്‍ 1
Wednesday, September 17, 2025 12:48 AM IST
ദുബായ്: ഐസിസി വനിതാ ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം സ്മൃതി മന്ദാന ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഞായറാഴ്ച ഓസ്ട്രേലിയയ്ക്ക് എതിരേ നടന്ന ഒന്നാം ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടിയതോടെയാണ് സ്മൃതി ഒന്നാം റാങ്ക് തിരിച്ചു പിടിച്ചത്. ഇംഗ്ലണ്ടിന്റെ നാറ്റ് സ്കൈവര്‍ ബ്രണ്ടാണ് രണ്ടാം സ്ഥാനത്ത്.
നാലാം തവണയാണ് സ്മൃതി ഒന്നാം റാങ്ക് അലങ്കരിക്കുന്നതെന്നതും ശ്രദ്ധേയം. 2019 ജനുവരിയിലാണ് ആദ്യമായി ഇന്ത്യന്‍ താരം ഒന്നാം റാങ്കില്‍ എത്തിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (12), ജെമീമ റോഡ്രിഗസ് (15) എന്നിവരാണ് ആദ്യ 20 സ്ഥാനത്തിനുള്ളില്‍ ഉള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ സോഫ് എക്ലെസ്റ്റോണ്‍ ആണ് ഒന്നാം റാങ്കില്‍. ഏഴാം സ്ഥാനത്തുള്ള ദീപ്തി ശര്‍മയാണ് ഏറ്റവും മികച്ച റാങ്കുള്ള ഇന്ത്യന്‍ താരം.