കേരള സൂപ്പർ ലീഗിൽ കണ്ണൂരും കാലിക്കട്ടും സമനിലയിൽ പിരിഞ്ഞു
Sunday, September 29, 2024 12:33 AM IST
കോഴിക്കോട്: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ഇന്നലെ അരങ്ങേറിയ വടക്കൻ കേരള ഡെർബി സമനിലയിൽ കലാശിച്ചു. പോയിന്റ് പട്ടികയുടെ തലപ്പത്തു നടന്ന പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിയും കാലിക്കട്ട് എഫ്സിയും 1-1 സമനിലയിൽ പിരിഞ്ഞു.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ, ഗോൾ രഹിതമായ ആദ്യപകുതിക്കുശേഷം 60-ാം മിനിറ്റിൽ കണ്ണൂർ വാരിയേഴ്സ് ലീഡ് നേടി. അഡ്രിയാൻ കോർപയായിരുന്നു കണ്ണൂർ വാരിയേഴ്സിന്റെ ഗോൾ നേട്ടക്കാരൻ.
കണ്ണൂർ ജയത്തിലേക്കെന്നുറപ്പിച്ച നിമിഷം കാലിക്കട്ടിന്റെ സമനില ഗോളെത്തി. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ പി.എം. ബ്രിട്ടോ കണ്ണൂർ വാരിയേഴ്സിന്റെ വല കുലുക്കി. അതോടെ വടക്കൻ ഡെർബി 1-1ൽ കലാശിച്ചു.
ലീഗിൽ തോൽവി അറിയാത്ത ടീമുകളായി കണ്ണൂർ വാരിയേഴ്സും കാലിക്കട്ടും തുടരുന്നു. കണ്ണൂർ വാരിയേഴ്സ് അഞ്ചു മത്സരങ്ങളിൽ രണ്ടു ജയവും മൂന്നു സമനിലയുമായി ഒന്പത് പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തു തുടരുന്നു.
കാലിക്കട്ട് എഫ്സി അഞ്ചു മത്സരങ്ങളിൽ ഏഴു പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുകയാണ്. സൂപ്പർ ലീഗ് കേരളയിൽ ഇന്നും നാളെയും മത്സരമില്ല. ഒക്ടോബർ ഒന്നിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽവച്ച് തൃശൂർ മാജിക് എഫ്സി ഫോഴ്സ കൊച്ചി എഫ്സിയെ നേരിടും.
സൂപ്പർ ലീഗ് കേരള
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
കണ്ണൂർ 5 2 3 0 9
കാലിക്കട്ട് 5 1 4 0 7
തിരുവനന്തപുരം 4 1 2 1 5
കൊച്ചി 4 1 2 1 5
മലപ്പുറം 4 1 1 2 4
തൃശൂർ 4 0 2 2 2