രോഹിത്തിനും കോഹ്ലിക്കും പ്രത്യേക പരിഗണന?
Wednesday, September 25, 2024 11:52 PM IST
ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോഹ്ലിക്കും രോഹിത് ശർമയ്ക്കും പ്രത്യേക പരിഗണന നൽകുന്നതു ശരിയല്ലെന്ന വിമർശനവുമായി മുൻതാരം സഞ്ജയ് മഞ്ജരേക്കർ. കോഹ്ലി, രോഹിത് എന്നിവർക്ക് ബിസിസിഐ നൽകുന്ന പ്രത്യേക പരിഗണന ക്രിക്കറ്റിനു ഗുണകരമല്ലെന്നും മഞ്ജരേക്കർ തുറന്നടിച്ചു.
ഇന്ത്യ x ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിൽ ഇരുവരുടെയും ദയനീയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മഞ്ജരേക്കറിന്റെ വിമർശനം.
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ കോഹ്ലിയും (6, 17) രോഹിത്തും (6, 5) ആകെ 34 റൺസ് മാത്രമായിരുന്നു നേടിയത്. ദുലീപ് ട്രോഫിക്കുള്ള ടീമുകളിൽനിന്ന് രോഹിത്തിനെയും കോഹ്ലിയെയും ബിസിസിഐ ഒഴിവാക്കിയിരുന്നു.
ബംഗ്ലാദേശിനെതിരായ പരന്പരയ്ക്കു മുന്പ് റെഡ് ബോൾ ക്രിക്കറ്റിൽ കളിക്കാനുള്ള അവസനമായിരുന്നു ദുലീപ് ട്രോഫിയെന്നും മഞ്ജരേക്കർ ചൂണ്ടിക്കാട്ടി. നാളെ മുതലാണ് ഇന്ത്യ x ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ്.