സുവാരസ് ബൂട്ടഴിച്ചു...
Tuesday, September 3, 2024 11:30 PM IST
മൊണ്ടേവീഡിയോ (ഉറുഗ്വെ): ഉറുഗ്വെൻ ഇതിഹാസ ഫുട്ബോളറായ ലൂയിസ് സുവാരസ് രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചു. 17 വർഷം നീണ്ട രാജ്യാന്തര കരിയറിനാണ് സുവാരസ് വിരാമമിട്ടത്. രാജ്യാന്തര വേദിയിൽ ഉറുഗ്വെയുടെ ടോപ് സ്കോറർ എന്ന നേട്ടം മുപ്പത്തേഴുകാരനായ സുവാരസിനു സ്വന്തം.
ഉറുഗ്വെയ്ക്കുവേണ്ടി 142 മത്സരങ്ങളിൽ സുവാരസ് ബൂട്ടണിഞ്ഞു. 2007 ഫെബ്രുവരി എട്ടിനു കൊളംബിയയ്ക്കെതിരേയായിരുന്നു അരങ്ങേറ്റം. 142 മത്സരങ്ങളിൽനിന്ന് 69 ഗോളും 39 അസിസ്റ്റും ഉറുഗ്വെ ജഴ്സിയിൽ സുവാരസ് നടത്തിയിട്ടുണ്ട്.
2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ പരാഗ്വെയ്ക്കെതിരായ മത്സരമായിരിക്കും സുവാരസിന്റെ അവസാന രാജ്യാന്തര പോരാട്ടം.
മൊണ്ടേവീഡിയോ തെരുവിൽനിന്നായിരുന്നു സുവാരസിന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. ഏഴാം വയസിൽ കുടുംബത്തോടൊപ്പമാണ് മൊണ്ടേവീഡിയോയിലേക്ക് സുവാരസ് എത്തിയത്.
ചെറുപ്പത്തിൽ കാർ കയറിയിറങ്ങി കാൽ ഒടിഞ്ഞ ചരിത്രവും സുവാരസിനു സ്വന്തം. അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിക്കുവേണ്ടിയാണ് സുവാരസ് ഇപ്പോൾ കളിക്കുന്നത്. കരിയറിലെ അവസാന ക്ലബ്ബായിരിക്കും ഇന്റർ മയാമിയെന്നു സുവാരവ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.