ഇംഗ്ലണ്ടിനു ജയം
Monday, August 26, 2024 2:52 AM IST
മാഞ്ചസ്റ്റർ: ശ്രീലങ്കയ്ക്കെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് അഞ്ചു വിക്കറ്റ് ജയം. ജയിക്കാൻവേണ്ടിയിരുന്ന 205 റണ്‍സ് ജോ റൂട്ടിന്റെ അർധ സെഞ്ചുറി (62) മികവിൽ ഇംഗ്ലണ്ട് മറികടന്നു. ഡാൻ ലോറൻസ് (34), ജെമി സ്മിത്ത് (39), ഹാരി ബ്രൂക്ക് (32) എന്നിവർ റൂട്ടിനു മികച്ച പിന്തുണ നൽകി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിൽ 111 റണ്‍സും രണ്ടാം ഇന്നിംഗ്സിലെ 39 റണ്‍സ് പ്രകടനവും സ്മിത്തിനെ കളിയിലെ താരമാക്കി.
ഒന്നാം ഇന്നിംഗ്സിൽ ശ്രീലങ്ക 236 റണ്‍സ് നേടി. മറുപടിയിൽ ഇംഗ്ലണ്ട് സ്മിത്തിന്റെ സെഞ്ചുറിയുടെയും ഹാരി ബ്രൂക്കിന്റെ (56) അർധ സെഞ്ചുറിയുടെയും മികവിൽ 358 റണ്‍സുമായി 122 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്കയെ സെഞ്ചുറി നേടിയ കാമിന്ദു മെൻഡിസ് (113), അർധ സെഞ്ചുറികൾ നേടിയ എയ്ഞ്ചലോ മാത്യൂസ് (65), ദിനേശ് ചൻഡിമൽ (79) എന്നിവർ 326 റണ്‍സിലെത്തിച്ചു.
205 റണ്‍സ് വിജയലക്ഷ്യത്തിലേക്കു രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് 70 റണ്‍സിലെത്തിയപ്പോൾ മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ, റൂട്ടിനൊപ്പം ബ്രൂക്കും സ്മിത്തും ചേർന്ന് ജയത്തിലെത്തിച്ചു.