ശ്രീജേഷിന്റെ നന്പർ ‘ഓഫ് ’...
Thursday, August 15, 2024 12:12 AM IST
ന്യൂഡൽഹി: ടോക്കിയോ, പാരീസ് ഒളിന്പിക്സുകളിൽ ഇന്ത്യക്കു വെങ്കല മെഡൽ സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിനോടുള്ള ആദരസൂചകമായി അദ്ദേഹം ധരിച്ചിരുന്ന 16-ാം നന്പർ ജഴ്സി പിൻവലിച്ച് ഹോക്കി ഇന്ത്യ.
രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശ്രീജേഷിനെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിലാണ് ഹോക്കി ഇന്ത്യ ജഴ്സി പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനു പുറമേ, ശ്രീജേഷിനെ ഇന്ത്യൻ ജൂണിയർ ഹോക്കി ടീമിന്റെ പരിശീലകനായും നിയമിച്ചു.
ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ ജൂണിയർ ടീമിന്റെ പരിശീലകനായി നിയമിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇന്നലെയാണ് മലയാളി താരത്തെ ഒൗദ്യോഗികമായി പരിശീലകനായി നിയമിച്ചത്.
ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽനിന്നാണ് 16-ാം നന്പർ ജഴ്സി പിൻവലിക്കുന്നതെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിംഗ് വ്യക്തമാക്കി.
ജൂണിയർ ടീമിൽ 16-ാം നന്പർ ജഴ്സി തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഹോക്കി ഇന്ത്യ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ താരങ്ങളെല്ലാം ശ്രീജേഷിന്റെ പേരും 16-ാം നന്പറും രേഖപ്പെടുത്തിയ ചുവന്ന ജഴ്സിയണിഞ്ഞാണ് പങ്കെടുത്തത്.
‘ശ്രീജേഷ് ഇനിമുതൽ ഇന്ത്യൻ ജൂണിയർ ഹോക്കി ടീമിന്റെ പരിശീലകനാകും. അദ്ദേഹത്തോടുള്ള ആദരസൂചകമായി 16ാം നന്പർ ജഴ്സി സീനിയർ ടീമിൽനിന്ന് ഞങ്ങൾ പിൻവലിക്കുകയാണ്. ജൂണിയർ ടീമിൽ 16-ാം നന്പർ ജഴ്സി തുടരുന്നും ഉപയോഗിക്കും.
ജൂണിയർ ടീമിൽ 16-ാം നന്പർ ജഴ്സി ധരിക്കാൻ യോഗ്യരായ കളിക്കാരെ ശ്രീജേഷ് തന്നെ പരിശീലിപ്പിച്ച് വളർത്തിക്കൊണ്ടുവരും’ -ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ വ്യക്തമാക്കി.
പാരീസ് ഒളിന്പിക്സിൽ വെങ്കല മെഡൽ മത്സരത്തിൽ സ്പെയിനിനെ 2-1ന് തോൽപ്പിക്കുന്നതിൽ നിർണായപങ്കു വഹിച്ചുകൊണ്ടാണ് ശ്രീജേഷ് 18 വർഷം നീണ്ട ഹോക്കി കരിയർ അവസാനിപ്പിച്ചത്.
നാളെ ജന്മനാട്ടിൽ
കൊച്ചി: പാരീസ് ഒളിന്പിക്സിലെ മെഡൽനേട്ടത്തിനു ശേഷം ഇന്ത്യൻ ഹോക്കി ടീമിലെ പ്രമുഖ താരമായ മലയാളി ശ്രീജേഷ് നാളെ കേരളത്തിലെത്തും.
ഉച്ചയ്ക്ക് 2.30നു കൊച്ചി വിമാനത്താവളത്തിലെത്തുന്ന ശ്രീജേഷിനു സർക്കാരും സ്പോർട്സ് കൗൺസിലും ഒളിമ്പിക് അസോസിയേഷനും ചേർന്ന് ഊഷ്മളസ്വീകരണം നൽകും.
മന്ത്രിമാരും ജനപ്രതിനിധികളും ശ്രീജേഷിനെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തും. തുടർന്ന് തുറന്ന വാഹനത്തിൽ ആലുവയിലും പുക്കാട്ടുപടിയിലും കിഴക്കമ്പലത്തും എത്തുന്ന ശ്രീജേഷിനു പൗരാവലി വരവേൽപ്പു നൽകും. പൊതു സ്വീകരണ ചടങ്ങുകൾക്കുശേഷമാകും ശ്രീജേഷ് കിഴക്കന്പലത്തെ വീട്ടിലേക്കെത്തുക.