ഡുപ്ലാന്റിസ്
Wednesday, August 7, 2024 1:09 AM IST
പാരീസ്: പോൾ വോൾട്ടിൽ സ്വന്തം ലോക റിക്കാർഡ് ഉയരം ഒരിക്കൽക്കൂടി തിരുത്തി അർമാൻഡ് ഡുപ്ലാന്റിസ് സ്വർണമെഡൽ സ്വന്തമാക്കി. ഒന്പതാം തവണയാണ് സ്വീഡന്റെ ഡുപ്ലാന്റിസ് ലോക റിക്കാർഡ് കുറിക്കുന്നത്.
പാരീസ് ഒളിന്പിക്സ് പുരുഷന്മാരുടെ പോൾവോൾട്ടിൽ 6.25 മീറ്റർ (20 അടി, 6 ഇഞ്ച്) ചാടിയാണ് ഡുപ്ലാന്റിസ് സ്വർണമെഡൽ നിലനിർത്തിയത്. ഒളിന്പിക്സിൽ ആദ്യമായാണ് സ്വീഡിഷ് താരം റിക്കാർഡ് നേടുന്നത്.
ടോക്കിയോ ഒളിന്പിക്സിൽ സ്വർണം നേടിയപ്പോൾ 6.02 മീറ്റർ ആണ് മറികടന്നത്. 68 വർഷത്തിനുശേഷം ആദ്യമായാണ് പുരുഷന്മാരുടെ പോൾ വോൾട്ടിൽ ഒരാൾതന്നെ തുടർച്ചയായ രണ്ടു ഒളിന്പിക്സിൽ സ്വർണം നേടുന്നത്. 1952, 1956 ഒളിന്പിക്സിൽ അമേരിക്കയുടെ ബോബ് റിച്ചാർഡ്സ് ആണ് മുന്പ് ഈ നേട്ടം കൈവരിച്ചത്.
2019ൽ ദോഹയിൽ നടന്ന ലോക ചാന്പ്യൻഷിപ്പിലെ വെള്ളിക്കു ശേഷം പ്രധാന ചാന്പ്യൻഷിപ്പിലെല്ലാം സ്വീഡിഷ് താരം ഒന്നാം സ്ഥാനത്തായിരുന്നു. അന്ന് സ്വർണം നേടിയ അമേരിക്കയുടെ സാം കെൻഡ്രിക്സിനു പാരീസിൽ വെള്ളി മെഡലായിരുന്നു.
മൂന്നു വർഷം മുന്പ് നടന്ന ടോക്കിയോ ഒളിന്പിക്സിൽ സ്വർണം നേടിയ ഡുപ്ലാന്റിസ് 2022, 2023ലെ ലോക ചാന്പ്യൻഷിപ്പിൽ തുടർച്ചയായി ഒന്നാമതെത്തി. 2022, 2024 വർഷങ്ങളിലെ ലോക ഇൻഡോർ ചാന്പ്യൻഷിപ്പിലും ജേതാവായി. കൂടാതെ തുടർച്ചയായ മൂന്ന് യൂറോപ്യൻ ചാന്പ്യൻഷിപ്പിലും (2018, 2022, 2024) സ്വർണം നേടി.
2020ൽ രണ്ടു തവണ ലോക റിക്കാർഡ് കുറിച്ച ഡുപ്ലാന്റിസ് 2022ൽ മൂന്നു തവണയും 2023ൽ രണ്ടു തവണയും റിക്കാർഡിലെത്തി. ഈ വർഷം ഡയമണ്ട് ലീഗിലാണ് ലോക റിക്കാർഡ് വീണ്ടും തിരുത്തിയത്. അണ്ടർ 20യിൽ (6.05 മീറ്റർ) ഡുപ്ലാന്റിസിന്റെ പേരിലാണ് ലോകറിക്കാർഡ്.