ഇംഗ്ലീഷ് പരന്പര...
Tuesday, July 23, 2024 1:59 AM IST
ബിർമിങാം: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനു ജയം. ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയശേഷം തിരിച്ചടിച്ച ഇംഗ്ലണ്ട് 241 റണ്‍സിന്റെ കൂറ്റൻ ജയമാണ് സ്വന്തമാക്കിയത്. ഇതോടെ മൂന്നു മത്സര പരന്പര ഇംഗ്ലണ്ട് 2-0നു സ്വന്തമാക്കി.
പരന്പരയിലെ മൂന്നാം മത്സരം വെള്ളിയാഴ്ച ആരംഭിക്കും. സ്കോർ: ഇംഗ്ലണ്ട് 416, 425. വെസ്റ്റ് ഇൻഡീസ് 457, 143. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്നിംഗ്സിനും 114 റണ്‍സിനും ജയിച്ചിരുന്നു.
ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ വിൻഡീസിന് രണ്ടാം ടെസ്റ്റിൽ ജയിക്കാൻ വേണ്ടിയിരുന്നത് 385 റണ്‍സായിരുന്നു. ക്യാപ്റ്റനും ഓപ്പണറുമായ ക്രെയ്ഗ് ബ്രാത് വൈറ്റാണ് (47) വിൻഡീസ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. ജേസണ്‍ ഹോൾഡർ 37 റണ്‍സ് നേടി.
36.1 ഓവറിൽ സന്ദർശകരുടെ രണ്ടാം ഇന്നിംഗ്സ് 143 റണ്‍സിൽ അവസാനിച്ചു. ഇംഗ്ലണ്ടിന്റെ ഷൊയ്ബ് ബഷീർ 11.1 ഓവറിൽ 41 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് സ്വന്തമാക്കി. ക്രിസ് വോക്സ്, ഗസ് അറ്റ്കിൻസണ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറിയും (121) രണ്ടാം ഇന്നിംഗ്സിൽ അർധസെഞ്ചുറിയും (51) നേടിയ ഇംഗ്ലീഷ് ബാറ്റർ ഒല്ലി പോപ്പാണ് പ്ലെയർ ഓഫ് ദ മാച്ച്.