സഞ്ജു സിക്സസ് ; സിംബാബ്വെയ്ക്കെതിരായ അഞ്ചാം ട്വന്റി-20യിലും ഇന്ത്യക്കു ജയം
Monday, July 15, 2024 2:09 AM IST
ഹരാരെ: സഞ്ജു സാംസണിന്റെ മികവിൽ ഇന്ത്യക്കു ജയം. സിംബാബ്വെയ്ക്കെതിരേയുള്ള അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി-20യിൽ ഇന്ത്യ 42 റണ്‍സ് ജയം കുറിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ 167/6. സിംബാബ്വെ 18.3 ഓവറിൽ 125. ഇതോടെ പരന്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. വാഷിംഗ്ടണ്‍ സുന്ദർ പ്ലെയർ ഓഫ് ദ സീരീസ് ആയും ശിവം ദുബെ പ്ലെയർ ഓഫ് ദ മാച്ചായും തെരഞ്ഞെടുക്കപ്പെട്ടു.
അഞ്ചാം ട്വന്റി-20യിൽ മൂന്നു വിക്കറ്റിന് 40 റണ്‍സ് എന്ന നിലയിൽനിന്ന ഇന്ത്യയെ 45 പന്തിൽ 58 റണ്‍സ് നേടിയ സഞ്ജുവാണ് മികച്ച സ്കോറിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തിലേ സിംബാബ്വെ ആഘാതമേൽപ്പിച്ചു. കഴിഞ്ഞ കളിയിൽ ഗംഭീര പ്രകടനം നടത്തിയ യശസ്വി ജയ്സ്വാൾ-ശുഭ്മാൻ ഗിൽ കൂട്ടുകെട്ട് ആദ്യ ഓവറിൽ പൊളിഞ്ഞു. ജയ്സ്വാളിനെ ( അഞ്ച് പന്തിൽ 12) സിക്കന്ദർ റാസ ക്ലീൻബൗൾഡാക്കി. അഭിഷേക് ശർമ (11 പന്തിൽ 14), ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (14 പന്തിൽ 13) എന്നിവരും പുറത്തായതോടെ ഇന്ത്യ 4.6 ഓവറിൽ 40/3.
പിന്നീടാണ് ഇന്ത്യയെ രക്ഷിച്ച സഞ്ജു-റിയാൻ പരാഗ് കൂട്ടുകെട്ട്. 56 പന്തിൽ 65 റണ്‍സ് നേടിയ ഈ സഖ്യം ഇന്ത്യയെ 100 കടത്തി. മികച്ച സഖ്യം നൽകിയ പരാഗിനെ (22) ബ്രണ്ടൻ മവുത പുറത്താക്കി. ഇതിനിടെ സഞ്ജു ട്വന്റി-20യിൽ 300 സിക്സ് പൂർത്തിയാക്കി. സഞ്ജുവിനൊപ്പം ശിവം ദുബെ ചേർന്നതോടെ റൺസ് വേഗമെത്തി. 45 പന്തിൽ നാലു സിക്സിന്റെയും ഒരു ഫോറിന്റെയും അകന്പടിയിൽ 58 റണ്‍സ് നേടിയ സഞ്ജുവിനെ മുസരാബാനി പുറത്താക്കി. രാജ്യാന്തര ട്വന്റി-20യിൽ സഞ്ജുവിന്റെ രണ്ടാം അർധസെഞ്ചുറിയാണ്. അവസാന ഓവറുകളിൽ ആക്രമിച്ചുകളിച്ച ശിവം ദുബെ (12 പന്തിൽ 26) റണ്ണൗട്ടായി. രണ്ടു ഫോറും അത്രതന്നെ സിക്സും ദുബെ നേടി.
മറുപടി നൽകാനെത്തിയ സിംബാബ്വെയ്ക്ക് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ നിന്ന വെസ്ലി മദേവെരെയെ മുകേഷ് കുമാർ ക്ലീൻബൗൾഡാക്കി. പിന്നീട് സിംബാബ്വെവിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്തി ഇന്ത്യൻ പന്തേറുകാർ പിടിമുറുക്കി. ഡിയോണ്‍ മയേഴ്സ് (34), ഫരസ് അക്രം (27) എന്നിവരാണ് സിംബാബ്വെ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
മുകേഷ് കുമാർ നാലും ശിവം ദുബെ രണ്ടു വിക്കറ്റും വീഴ്ത്തി. തുഷാർ ദേശ്പാണ്ഡെ, വാഷിംഗ്ടണ്‍ സുന്ദർ, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
ഏഴാമത് ഇന്ത്യൻ താരം
ട്വന്റി-20 ക്രിക്കറ്റ് കരിയറിൽ 300 സിക്സ് കടക്കുന്ന ഏഴാമത് ഇന്ത്യൻ കളിക്കാരനാണ് സഞ്ജു സാംസണ്. ലോകത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന 43-ാമനും. 263 ഇന്നിംഗ്സിൽനിന്നാണ് സഞ്ജു ട്വന്റി-20യിൽ 302 സിക്സ് അടിച്ചത്. ഇന്ത്യക്കുവേണ്ടി 19 സിക്സ് നേടി. കേരളം, ഡൽഹി ഡെയർഡെവിൾസ് (ക്യാപിറ്റൽസ്), രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കുവേണ്ടിയുമാണ് സഞ്ജുവിന്റെ ബാക്കി സിക്സുകൾ. ഈ പ്രകടനത്തോടെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്കുള്ള അവകാശവാദം സഞ്ജു ഉന്നയിച്ചു.
1056
ട്വന്റി-20 ക്രിക്കറ്റ് കരിയറിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയത് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ. 463 മത്സരങ്ങളിലെ 455 ഇന്നിംഗ്സിൽനിന്ന് 1056 സിക്സ് ഗെയ്ൽ സ്വന്തമാക്കി. വിൻഡീസ് താരങ്ങളായ കിറോണ്‍ പൊള്ളാർഡ് (861), ആന്ദ്രെ റസൽ (693) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.