ചരിത്ര സേവിംഗ്
Wednesday, July 3, 2024 11:43 PM IST
ലൈപ്സിഗ്: യൂറോ കപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ഓസ്ട്രിയയ്ക്കെതിരേ തുർക്കി ഗോൾകീപ്പർ മെർട്ട് ഗുനോക് നടത്തിയ രക്ഷപ്പെടുത്തലിനെ വാഴ്ത്തി ഫുട്ബോൾ ലോകം.
1970ലെ ലോകകപ്പിൽ പെലെയുടെ ഗോൾ ശ്രമം തടഞ്ഞ സേവ് ഓഫ് ദ സെഞ്ചുറി എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിന്റെ ഗോർഡൻ ബാങ്ക്സിന്റെ രക്ഷപ്പെടുത്തലിനോടാണ് ഗുനോക്കിന്റെ രക്ഷപ്പെടുത്തലിനെ ഉപമിക്കുന്നത്.
90+5-ാം മിനിറ്റിൽ ക്രിസ്റ്റഫ് ബോംഗാർട്ട്നറുടെ ഗോളെന്നുറച്ച ഹെഡർ ഡൈവ് ചെയ്തു രക്ഷപ്പെടുത്തിയ പ്രകടനമാണ് ലോകം വാഴ്ത്തുന്നത്. ഈ സമയത്ത് തുർക്കി 2-1ന് മുന്നിലായിരുന്നു. ഇത് ഗോളായിരുന്നെങ്കിൽ മത്സരം സമനിലയിലെത്തിയേനെ. തുർക്കി പ്രതിരോധക്കാരെ വെട്ടിച്ച് സ്ഥലം കണ്ടെത്തിയ ബോംഗാർട്ട്നർ പോസ്റ്റിനോട് ചേർന്നുനിന്നു.
പെനാൽറ്റി ബോക്സിനു വെളിയിൽനിന്നു വന്ന പന്ത് നേരേ ബോംഗാർട്ട്നറുടെ തലയിലേക്ക്. ഓസ്ട്രിയൻ താരത്തിന്റെ ഹെഡർ നിലത്തു കുത്തി ഗോൾ പോസ്റ്റിന്റെ വലതു മൂലയിലേക്കു നീങ്ങുമെന്ന് ഉറപ്പിയിടത്താണ് മുപ്പത്തിയഞ്ചുകാരനായ ഗുനോക് ഡൈവ് ചെയ്ത് പന്ത് തട്ടിയകറ്റിയത്. എക്സ്പെറ്റഡ് ഗോൾ (xG) കണക്കുകളിൽ 94 ശതമാനം ഉറപ്പായ ഗോളായിരുന്നു ഇത്.