ഓറഞ്ച് പിഴിഞ്ഞ് ഓസ്ട്രിയ; ജയമില്ലാതെ ഫ്രാൻസ്
Wednesday, June 26, 2024 12:39 AM IST
ഡോർട്മുണ്ട്/ബർലിൻ: യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിൽ അവസാന മത്സരത്തിൽ ജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ഓസ്ട്രിയ പ്രീക്വാർട്ടറിൽ. ആവേശകരമായ മത്സരത്തിൽ ഓസ്ട്രിയ 3-2ന് നെതർലൻഡ്സിനെ തോൽപ്പിച്ചു.
തുടക്കം മുതൽ മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞു. ആറാം മിനിറ്റിൽ ഓസ്ട്രിയ ഡോണ്യെൽ മലെന്റെ ഓണ്ഗോളിൽ മുന്നിലെത്തി. 47-ാം മിനിറ്റിൽ കോഡി ഗാക്പോ സമനില നൽകി.
59-ാം മിനിറ്റിൽ റൊമാനോ ഷിമിഡ് ഓസ്ട്രിയയ്ക്കു ലീഡ് നൽകി. 75-ാം മിനിറ്റിൽ മെംഫിസ് ഡിപെയിലൂടെ നെതർലൻഡ് മറുപടി നൽകി. 80-ാം മിനിറ്റിൽ മാഴ്സൽ സാബിറ്റ്സറിലൂടെ ഓസ്ട്രിയ വീണ്ടും മുന്നിലെത്തി.
സമനിലയ്ക്കായി നെതർലൻഡ്സ് തുടർച്ചയായി ആക്രമിച്ചെങ്കിലും പ്രതിരോധവും ഗോൾകീപ്പറും തടസമായി നിന്നു.
ഫ്രാൻസ് 1-1ന് പോളണ്ടുമായി സമനിലയിൽ പിരിഞ്ഞു. ഇതോടെ ഫ്രാൻസ്് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തി. 56-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ കിലിയൻ എംബപ്പെ ഫ്രാൻസിനായി ഗോൾ നേടി. 79-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി പെനാൽറ്റിയിലൂടെ തന്നെ മറുപടിയും നൽകി.