പ്രായം തളർത്താത്ത പോരാളി
Tuesday, June 4, 2024 12:20 AM IST
ദക്ഷിണാഫ്രിക്കയിൽ ജനിച്ച് അവിടെ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ ഡേവിഡ് വീസ് 2021 മുതലാണ് അയൽരാജ്യമായ നമീബിയയ്ക്കായി കളിച്ചുതുടങ്ങിയത്. ഡേവിഡ് വീസിന്റെ പിതാവ് നമീബിയയിൽ ജനിച്ചത് അദ്ദേഹത്തിന് ആ രാജ്യത്തെ പ്രതിനിധീകരിക്കാൻ സഹായമായി.
നമീബിയയിൽ എത്തിയതു മുതൽ വീസ് നമീബിയൻ ടീമിന്റെ പ്രധാന താരമായി ഉയർന്നു. 2021 ട്വന്റി 20 ലോകകപ്പിൽ നമീബിയയുടെ ടീമിൽ അംഗമായി. ആ ലോകകപ്പിൽ നെതർലൻഡ്സിനെ ആറു വിക്കറ്റിനു തോൽപ്പിച്ചപ്പോൾ ബാറ്റ്കൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്തി കളിയിലെ താരമായി. ഒരു ഐസിസി ടൂർണമെന്റിൽ ആദ്യമായാണു നമീബിയ ജയിക്കുന്നത്.നമീബിയയെ സൂപ്പർ 12 വരെയെത്തിക്കുന്നതിൽ പ്രധാന പങ്കാണു താരം വഹിച്ചത്.
2024 ലോകകപ്പിലെത്തിയപ്പോൾ മുപ്പത്തിയൊന്പത് വയസായെങ്കിലും വീസിന്റെ പോരാട്ടവീര്യത്തിനു കുറവുണ്ടായില്ല. ഒമാനെതിരേ ജയിച്ച മത്സരത്തിൽ നിർണായക പ്രകടനമാണു താരം പുറത്തെടുത്തത്. സൂപ്പർ ഓവറിലേക്കു കടന്ന മത്സരത്തിൽ തകർപ്പൻ ബൗളിംഗിലൂടെ വീസ് തന്നിൽ ടീമിനുള്ള പ്രതീക്ഷകൾ കാത്തു. സൂപ്പർ ഓവറിലെ മൂന്നാം പന്തിൽ ഒമാന്റെ നസീം ഖുഷിയെ പുറത്താക്കിയ താരം പത്തു റണ്‍സ് മാത്രമാണു വഴങ്ങിയത്. ഒരു ലോകകപ്പ് ത്രില്ലറിന്റെ എല്ലാ വികാരങ്ങളും അദ്ദേഹത്തിന്റെ ആഘോഷത്തിലുണ്ടായിരുന്നു.
ഏപ്രിലിൽ നടന്ന അഞ്ചു മത്സരങ്ങളുടെ ട്വന്റി 20 പരന്പരയിൽ 3-2ന് ജയിച്ച നമീബിയയ്ക്ക് ഒമാനെ വിലകുറച്ചു കാണാനാകുമായിരുന്നില്ല.
മത്സരത്തിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ വീസ് ബാറ്റ് ചെയ്യാൻ എത്തുന്പോൾ ജയിക്കാൻ 15 പന്തിൽ 14 വേണമായിരുന്നു. നേരിട്ട ആദ്യ മൂന്നു പന്തിലും വീസിന് റണ്‍സ് നേടാനായില്ല. അടുത്ത ഓവറിൽ യാൻ ഫ്രൈലിങ്കിൽ സിംഗിൾ നേടി വീസിനു സ്ട്രൈക്ക് നൽകി. ഇത്തവണ വീസ് സിക്സ് നേടി സമ്മർദം കുറച്ചു.
ബിലാൽ ഖാൻ എറിഞ്ഞ ആ ഓവറിൽ രണ്ടു റണ്‍കൂടി നമീബിയ നേടി. ഇനി ജയിക്കാൻ വേണ്ടത് ആറു പന്തിൽ അഞ്ച് റണ്‍സ്. മെഹ്റൻ ഖാൻ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഫ്രൈലിങ്ക് പുറത്ത്. അടുത്തത് ഡോട് ബോൾ.
മൂന്നാം പന്തിൽ ഗ്രീൻ പുറത്തായി. എന്നാൽ, അടുത്ത പന്തിൽ സിംഗിൾ നേടി മലാൻ ക്രുഗർ വീസിന് സ്ട്രൈക്ക് നൽകി. നമീബിയൻ ഓൾ റൗണ്ടറുടെ സ്ട്രെയ്റ്റ് ഡ്രൈവ് പന്ത് പായിച്ചു. ഇരുവരും രണ്ടു റണ്‍സ് ഓടിയെടുത്തു.
അവസാന പന്ത് കട്ട് ചെയ്യാനുള്ള വീസിന്റെ ശ്രമം നടന്നില്ല. പുറകിലേക്കു പോയ പന്ത് കൈയിലൊതുക്കാൻ വിക്കറ്റ് കീപ്പർ ഖുഷിക്കുമായില്ല. ഒരു റണ്‍ ഓടിയെടുത്തു. സ്കോർ തുല്യം; മത്സരം സൂപ്പർ ഓവറിലേക്ക്.
അവസാന ഓവറിലുണ്ടായിരുന്ന സമ്മർദം സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാനെത്തിയ വീസിൽ ഇല്ലായിരുന്നു. സൂപ്പർ ഓവറിൽ ആദ്യ പന്തിൽ ഫോറും അടുത്ത പന്തിൽ സിക്സും നേടിയ വീസ് നാലു പന്തിൽ 13 റണ്‍സ് നേടി.
21 റണ്‍സുമായി നമീബിയ സൂപ്പർ ഓവർ പൂർത്തിയാക്കിയെങ്കിലും നമീബിയൻ ഓൾറൗണ്ടറുടെ ജോലി തീർന്നില്ല. പന്തെറിയാനെത്തിയ വീസ് മൂന്നാം പന്തിൽ നസീം ഖുഷിയുടെ കുറ്റിതെറിപ്പിച്ചു. അടുത്ത മൂന്നു പന്തിൽ ഒമാന്‍ വെറും എട്ടു റണ്‍സ് മാത്രമാണു നേടാനായത്.
കരീബിയൻ പ്രീമിയർ ലീഗ് ഉൾപ്പെടെ ലോകത്തെ പല ഫ്രാഞ്ചൈസി ക്രിക്കറ്റിലും വീസ് കളിക്കുന്നുണ്ട്. ഇതിന്റെ പരിചയം ഇത്തരം സന്ദർഭങ്ങളിൽ സമ്മർദമില്ലാതെ കളിക്കാൻ ഗുണം ചെയ്തെന്നാണു താരം പറഞ്ഞത്.