കാന്റെ ഫ്രഞ്ച് യൂറോ ടീമിൽ
Saturday, May 18, 2024 2:03 AM IST
പാരീസ്: യൂറോ കപ്പ് ഫുട്ബോളിനുള്ള 25 അംഗ ഫ്രഞ്ച് ടീമിൽ ഇടംപിടിച്ച് മിഡ്ഫീൽഡർ എൻഗോളോ കാന്റെ. 2018ൽ ഫ്രാൻസിന്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച മുപ്പത്തിമൂന്നുകാരൻ 2022 ജൂണിന് ശേഷം ദേശീയ ടീം ജഴ്സി അണിഞ്ഞിട്ടില്ല. 2016 മുതൽ 2023 വരെ ചെൽസിക്കൊപ്പം കളിച്ച കാന്റെയ്ക്ക് കഴിഞ്ഞ സീസണിൽ പരിക്കിനെത്തുടർന്ന് നിരവധി മത്സരങ്ങൾ നഷ്ടമായി.
2022 ലോകകപ്പ് ടീമിലും പരിക്കിനെത്തുടർന്ന് ഉൾപ്പെടുത്തിയില്ല. തുടർന്ന് ചെൽസി വിട്ട് സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ ഇത്തിഹാദ് എഫ്സിയിൽ എത്തി. പരിക്കിൽനിന്ന് മോചിതനായ താരം ഈ സീസണ് മുഴുനീളെ കളിച്ചു.
ഫ്രഞ്ച് ലീഗിൽ മികച്ച പ്രകടനം നടത്തിയ പിഎസ്ജിയുടെ 18 വയസുള്ള വാറൻ സയർ എമെരിയും 21 വയസുള്ള ബ്രാഡ്ലി ബാർകോളയും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. സൂപ്പർ താരം കിലിയൻ എംബപ്പെ, അന്റോയിൻ ഗ്രീസ്മാൻ, ഒലിവിയെ ജിറൂ, ഉസ്മാൻ ഡെംബലെ, വില്യം സാലിബ തുടങ്ങിയ വൻ താരനിരയാണ് ഫ്രാൻസിനുള്ളത്.