ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
Friday, May 17, 2024 2:07 AM IST
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 19 വർഷത്തോളം ഇന്ത്യയുടെ കുപ്പായം അണിഞ്ഞ ഛേത്രി നായകനായി ഇന്ത്യൻ ഫുട്ബോളിന്റെ പേര് ലോക ഫുട്ബോളിൽതന്നെ അറിയപ്പെടുന്നതുമാക്കി.
സോഷ്യൽ മീഡിയ ഹാൻഡിലായ എക്സിൽ വീഡിയോ സന്ദേശത്തിലൂടെയാണ് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ജൂണ് ആറിന് കുവൈറ്റിനെതിരേ നടക്കുന്ന നിർണായകമായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരമാകും ഛേത്രി ഇന്ത്യൻ കുപ്പായത്തിൽ കളത്തിലെത്തുന്ന അവസാന മത്സരം. അഭിമാനകരമായ കരിയറിൽ അദ്ദേഹം ഒന്നിലധികം റിക്കാർഡുകൾ നേടിയിട്ടുണ്ട്. കൂടാതെ നായകനെന്ന നിലയിൽ ടീമിനെ മികച്ച രീതിയിൽ നയിച്ച് ഇന്ത്യക്കായി നിർണായകമായ ഗോളുകൾ അദ്ദേഹം പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്.
2005 ജൂണ് 12-ന് പാക്കിസ്ഥാനെതിരായ ദേശീയ ടീമിനായി ഇരുപതാം വയസിൽ അരങ്ങേറ്റം കുറിച്ച മത്സരത്തിൽതന്നെ ഗോളടിച്ച്് തുടക്കമിട്ട ഛേത്രി പിന്നീട് ഇന്ത്യൻ ഫുട്ബോളിന്റെ കേന്ദ്രമാകുകയായിരുന്നു. ആ മത്സരം 1-1ന് സമനിലയായി. ആരാധകരെ സംബന്ധിച്ചിടത്തോളം ഛേത്രിയുടെ വരവ് ഇന്ത്യൻ ഫുട്ബോളിന് പുതിയൊരു മേൽവിലാസം നൽകുന്നതായിരുന്നു.
ഗോളടിച്ചു കൂട്ടിയപ്പോൾ ലോക ഫുട്ബോളിലെ മഹാരഥൻമാരുടെ പേരിനൊപ്പം എഴുതിച്ചേർക്കുന്നതുമായി ആ പേര് മാറി. ഇന്ത്യക്കായി 150 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ, ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ക്യാപ്റ്റൻ ഫന്റാസ്റ്റിക് 94 ഗോളുകളാണ് നേടിയത്. ഇന്ത്യക്കായി ഏറ്റവും കൂടുതൽ ദേശീയ മത്സരങ്ങളുടെ റിക്കാർഡും ഛേത്രിയുടെ പേരിലാണ്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ നാലാമത്. ക്രിസ്റ്റ്യാനോ റൊണാൾഡോ (128), അലി ദേയ് (108), ലയണൽ മെസി (106) എന്നിവരാണ് ഇന്ത്യൻ നായകനു മുന്നിൽ. സജീവ ഫുട്ബോളിലെ ഗോൾ നേട്ടക്കാരിൽ മൂന്നാമനുമാണ്.
ഛേത്രി ഇന്ത്യൻ ഫുട്ബോളിന്റെ കേന്ദ്രമാകുന്നു
ഛേത്രി തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയപ്പോൾ, ഇന്ത്യൻ ഫുട്ബോൾ അവരുടെ മുൻ നായകനും മറ്റൊരു ഐക്കണ് ഗോൾ സ്കോററുമായ ബൈച്ചുംഗ് ബൂട്ടിയയിൽ ആശ്രയിക്കുന്ന കാലമായിരുന്നു. ബൂട്ടിയയ്ക്കൊപ്പം ഛേത്രിയും ചേർന്നതോടെ ആക്രമണം ശക്തമായി. എന്നിരുന്നാലും, ഇന്ത്യയുടെ ഗോൾ സ്കോറിംഗ് തന്ത്രങ്ങളിൽ ഛേത്രി കൂടുതൽ കേന്ദ്രീകൃതമാകാൻ തുടങ്ങി. പ്രധാനമായും പന്തുമായി അതിവേഗം കുതിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്, എതിരാളികളുടെ പ്രതിരോധത്തിനുള്ളിൽ വിടവുകൾ കണ്ടെത്തി അതു മുറിച്ചുകടക്കാനുള്ള വൈഭവം, ഉയർന്ന കരുത്ത് എന്നിവയെല്ലാം ചേർന്നപ്പോൾ ഛേത്രി സ്വയം ഇന്ത്യൻ സ്കോറിംഗ് തന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി.
2011ൽ ഏഷ്യൻ ഗെയിംസിനുശേഷം ബൂട്ടിയ വിരമിക്കൽ പ്രഖ്യാപിച്ചപ്പോഴേക്കും ഛേത്രി പ്രധാന താരമായി മാറിയിരുന്നു. 2012ൽ ടീമിന്റെ നായകനുമായി.
നേതൃഗുണം മികച്ചത്
ഇന്ത്യൻ ടീമിനൊപ്പം നിരവധി അവസരങ്ങളിൽ നേതൃഗുണങ്ങളും ശ്രദ്ധേയമായ കഴിവുകളും പ്രദർശിപ്പിച്ചുകൊണ്ടു നയിച്ചു. 2011ലാണ് ക്യാപ്റ്റനായതെങ്കിലും അതിനു മുന്പേ ഛേത്രിയുടെ നേതൃപാടവം തെളിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ ഫിഫ റാങ്കിംഗിലും ഇന്ത്യ മൂന്നു തവണ മികച്ച നൂറിലെത്തി. 2017, 2018ലും 96-ാം റാങ്കിലും 2023ൽ 100-ാം സ്ഥാനത്തുമെത്തി.
ഇന്ത്യൻ ഫുട്ബോളിന്റെ മുഖമായി മാറിയ ഛേത്രി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ കാണാനും ആളെത്തുമെന്ന് കാണിച്ചുതന്നു. ഛേത്രിക്ക് ക്യാപ്റ്റൻ ഫന്റാസ്റ്റിക് എന്ന പേര് ലഭിച്ചത് അദ്ദേഹത്തിന്റെ നേതൃപാടവംകൊണ്ടോ ഗോൾ നേട്ടം കൊണ്ടോ ആയിരുന്നില്ല. കളിയെ പിന്തുണയ്ക്കുന്ന സ്വഭാവംകൊണ്ടും രാജ്യത്ത് ഫുട്ബോളിന്റെ അംഗീകാരത്തിനായി പലപ്പോഴും ശബ്ദം ഉയർത്തുന്നതുകൊണ്ടുമായിരുന്നു. ഇന്ത്യൻ ടീമിന്റെ ഹോം മത്സരങ്ങൾക്ക് ആരാധകരുടെ പ്രാധാന്യവും അവരുടെ പിന്തുണയും അദ്ദേഹം തേടിയിരുന്നു. ആരാധകരുമായി ആരോഗ്യപരമായ ഒരു ബന്ധം ടീമിന് ഉണ്ടാക്കിക്കൊടുക്കാൻ ഛേത്രിക്കായിട്ടുണ്ട്. ഒപ്പം ടീമിനെതിരേയുള്ള വിമർശനങ്ങൾ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. കളത്തിനു പുറത്തായാലും ആരാധകരുമായി ഛേത്രിക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്.
ഛേത്രിക്കു പകരമാര്?
അന്താരാഷ്ട്രമോ ക്ലബ് ഫുട്ബോളോ ആയാലും കളിച്ച കാലങ്ങളിൽ ഛേത്രിയെ കളിയിൽ മികച്ചതാക്കുന്നത് അദ്ദേഹത്തിന്റെ അസാമാന്യമായ കരുത്തും സ്ഥിരതയാർന്ന ആക്രമണ വേഗവുമാണ്്. മുപ്പത്തിയൊന്പത് വയസിലെത്തിയിട്ടും ഇന്ത്യക്ക് ആക്രമണത്തിനുള്ള പ്രധാന ഓപ്ഷൻ ഛേത്രി തന്നെയാണ്. ഇത് ഇന്ത്യക്ക് ഒരുപക്ഷേ നല്ലതായിരിക്കില്ലെങ്കിലും നിലവിൽ ഛേത്രിയല്ലാതെ ഒരാളെ കണ്ടെത്താനായിട്ടില്ലെന്ന വസ്തുതയാണ് ഇന്ത്യൻ ഫുട്ബോളിനുള്ളത്. പല യുവകളിക്കാരുടെ പേരുകൾ ഉയരുന്നുണ്ടെങ്കിലും ഇവരാരും ഛേത്രിക്ക് പകരമെന്നു കരുതാനായിട്ടില്ല.
പുതിയ കളിക്കാർക്ക് പ്രചോദനം
കഴിഞ്ഞ ദശകത്തിൽ, സുനിൽ ഛേത്രിയുടെ ദൈനംദിന ആചാരങ്ങളിൽ പ്രധാനം പ്രഭാതത്തിലെ കഠിനമായ വ്യായാമം തന്നെയായിരുന്നു. കാർഡിയോ സെഷനുശേഷം ഭാരോദ്വഹനത്തിലും മറ്റ് വ്യായാമമുറകളിലും മുഴുകും. ബ്രൊക്കോളി, ചെറുപയർ, സുഷി, ബ്ലാക്ക് ഒലിവ്, ട്യൂണ, റെഡ് മീറ്റ്, ഒരു കപ്പ് ഗ്രീൻ ടീ എന്നിവ ഉൾപ്പെടുന്ന പ്രഭാതഭക്ഷണത്തിന് ശേഷവും തീവ്രമായ വ്യായാമം ഉണ്ടായിരിക്കും.
ഒരു ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ ദൈവം സമ്മാനിച്ച കഴിവുകൾക്ക് പുറമേ, അസൂയാർഹമായ ഫിറ്റ്നസ് ലെവലും കുറ്റമറ്റ തൊഴിൽ നൈതികതയുമാണ് ഛേത്രിയെ ശാരീരികമായി കൂടുതൽ അധ്വാനം ആവശ്യമുള്ള കായികമേഖലയിൽ ദീർഘകാലം തുടരാൻ സഹായിച്ചത്.