യുവേഫ യൂറോ 2024 ന് ഇനി 50 ദിനങ്ങൾ മാത്രം അകലെ
Thursday, April 25, 2024 2:19 AM IST
യൂറോപ്പിന്റെ ഫുട്ബോൾ കിരീടം ആർക്കെന്ന് നിശ്ചയിക്കുന്ന പോരാട്ടത്തിന്റെ കിക്കോഫ് ഇന്നേക്ക് 50-ാം ദിനം നടക്കും.
2024 യൂറോ കപ്പ് ഫുട്ബോളിന് ജൂണ്‍ 14ന് പന്തുരുളും. ജൂലൈ 14വരെ നീളുന്ന 17-ാം യൂറോ കപ്പ് പോരാട്ടത്തിന് ആതിഥേയത്വം വഹിക്കുന്നത് ജർമനിയാണ്. യുണൈറ്റഡ് ബൈ ഫുട്ബോൾ എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. ആതിഥേയർ അടക്കം 24 ടീമുകൾ 10 നഗരങ്ങളിലായുള്ള സ്റ്റേഡിയങ്ങളിൽ പോരടിക്കും.
ഇറ്റലിയാണ് നിലവിലെ ചാന്പ്യന്മാർ. 2020 യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയായിരുന്നു ഇറ്റലി കപ്പുയർത്തിയത്.
ജോർജിയൻ അരങ്ങേറ്റം
യൂറോ കപ്പിൽ ഇത്തവണ കന്നിക്കാരായെത്തുന്നത് ജോർജിയയാണ്. പ്ലേ ഓഫിലൂടെയാണ് ജോർജിയ യൂറോ പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കിയത്. പ്ലേ ഓഫിൽ ഗ്രീസിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ജോർജിയ കീഴടക്കുകയായിരുന്നു.
സ്ലോവേനിയ, അൽബേനിയ ടീമുകളുടെ രണ്ടാം വരവാണ് 2024 യൂറോയിലേത്. 2016ലാണ് അൽബേനിയ ആദ്യമായും അവസാനമായും യൂറോ കളിച്ചത്. സ്ലോവേനിയ 2000ത്തിലും.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ, ആതിഥേയരായ ജർമനി, സ്പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ ടീമുകളാണ് കിരീട സാധ്യതയിൽ മുന്നിൽ. സ്പെയിൻ, ക്രൊയേഷ്യ, ഇറ്റലി ടീമുകൾ ഒന്നിക്കുന്ന ഗ്രൂപ്പ് ബിയാണ് മരണഗ്രൂപ്പായി വിശേഷിപ്പിക്കപ്പെടുന്നത്.