ഫസ്റ്റ് ഇംപ്രഷൻ...
Thursday, April 11, 2024 2:02 AM IST
“ഈ ഫോം തുടർന്നാൽ വൈകാതെ ഇന്ത്യൻ ടീമിൽ എത്തും”; ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ സണ്റൈസേഴ്സ് ഹൈദരാബാദിന്റെ യുവതാരം നിതീഷ് കുമാർ റെഡ്ഡിയെ കുറിച്ചുള്ള ഫസ്റ്റ് ഇംപ്രഷനാണിത്.
ഫസ്റ്റ് ഇംപ്രഷൻ ഈ ദ ബെസ്റ്റ് ഇംപ്രഷൻ എന്നാണെന്നതിനാൽ ഇന്ത്യയുടെ ഭാവി പേസ് ഓൾ റൗണ്ടറിനെയാണോ 2024 ഐപിഎൽ വാർത്തെടുക്കുന്നത് എന്നതാണ് ചോദ്യം. കാരണം, പഞ്ചാബ് കിംഗ്സിന് എതിരായ മത്സരത്തിൽ ഇരുപതുകാരനായ നിതീഷ് കുമാർ റെഡ്ഡി 37 പന്തിൽ അഞ്ച് സിക്സും നാല് ഫോറും അടക്കം 64 റണ്സ് അടിച്ചെടുത്തു.
തുടർന്ന് പന്ത് കൈയിലെടുത്തപ്പോൾ മൂന്ന് ഓവറിൽ 33 റണ്സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. 3.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 27 റണ്സ് എന്ന നിലയിൽ സണ്റൈസേഴ്സ് ഹൈദരാബാദ് പതറുന്പോഴായിരുന്നു നിതീഷ് ക്രിസിലെത്തി ടീമിനെ മുന്നോട്ടു നയിച്ചത്. ഹൈദരാബാദ് രണ്ട് റണ്സിനു ജയിച്ച മത്സരത്തിൽ പ്ലെയർ ഓഫ് ദ മാച്ച് ആയതും നിതീഷ് കുമാർ റെഡ്ഡിയാണ്.
2023ൽ ഐപിഎല്ലിൽ അരങ്ങേറ്റം നടത്തിയെങ്കിലും 2024 സീസണിലാണ് ബാറ്റും ബോളും ചെയ്യാൻ നിതീഷിന് അവസരം ലഭിച്ചത്. 2023ൽ 20 ലക്ഷം രൂപയ്ക്ക് സണ്റൈസേഴ്സ് സ്വന്തമാക്കിയ നിതീഷിന്റെ ആദ്യ ഐപിഎൽ ഓർമ ഭുവനേശ്വർ കുമാറിന്റെ പന്തിൽ ഡീപ്പ് പോയിന്റിൽ മിസ് ഫീൽഡ് നടത്തിയതാണ്. രണ്ട് മത്സരത്തിലായി അഞ്ച് ഓവറിൽ 54 റണ്സ് വഴങ്ങി, വിക്കറ്റ് ലഭിച്ചുമില്ല.
2024 സീസണിൽ ലഭിച്ച രണ്ട് അവസരവും യുവതാരം മുതലാക്കി. ചെന്നൈ സൂപ്പർ കിംഗ്സിന് എതിരേ ഏപ്രിൽ അഞ്ചിന് നടന്ന മത്സരത്തിലാണ് നിതീഷ് കുമാർ ആദ്യമായി ബാറ്റേന്തിയത്. ആറാമനായെത്തിയ നിതീഷ് കുമാർ എട്ട് പന്തിൽ 14 റണ്സുമായി പുറത്താകാതെനിന്നു.
ഒരു സിക്സും ഒരു ഫോറും നിതീഷ് അടിച്ചു. അതിന്റെ ബാക്കിയായിരുന്നു പഞ്ചാബ് കിംഗ്സിന് എതിരായ പ്രകടനം. ഇന്റർനാഷണൽ ബൗളർമാരായ കഗിസൊ റബാഡ, സാം കറൻ എന്നിവരെ സിക്സർ പറത്താനും നിതീഷ് മടിച്ചില്ല.
130 കിലോമീറ്റർ ശരാശരി വേഗത്തിൽ പന്ത് എറിയുന്ന നിതീഷിന് സ്ലോ ബൗൺസ റും വഴങ്ങുമെന്നതിന്റെ ഉദാഹരണമായിരുന്നു പഞ്ചാബിന്റെ ജിതേഷ് ശർമയുടെ വിക്കറ്റ്.
ഓപ്പണിംഗ് ബാറ്റർ & ബൗളർ
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിലാണ് നിതീഷ് കുമാറിന്റെ ജനനം. അണ്ടർ 16 ലെവലിൽ ആന്ധ്രപ്രദേശിനുവേണ്ടി ഓപ്പണിംഗ് ബാറ്റിംഗും ബൗളിംഗും ചെയ്തിട്ടുണ്ട്. എന്നാൽ, പിന്നീട് ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധചെലുത്തി. ഫസ്റ്റ് ക്ലാസിൽ 17 മത്സരങ്ങളിൽനിന്ന് 20.96 ശരാശരിയിൽ 566 റണ്സും 52 വിക്കറ്റും സ്വന്തമാക്കി.
ലിസ്റ്റ് എയിൽ 22 മത്സരങ്ങളിൽനിന്ന് 403 റണ്സും 14 വിക്കറ്റുമുണ്ട്. ഇതുവരെ ആകെ ഒന്പത് ട്വന്റി-20യാണ് കളിച്ചത്. 170 റണ്സ് നേടി. പഞ്ചാബ് കിംഗ്സിന് എതിരേ നേടിയ 64 ആണ് ഉയർന്ന സ്കോർ. പഞ്ചാബിന്റെ ജിതേഷ് ശർമയുടേതാണ് ട്വന്റി-20യിലെ കന്നി വിക്കറ്റ്. 2023 ഏഷ്യൻ എമേർജിംഗ് ടീംസ് കപ്പിൽ ഇന്ത്യ എ ടീമിൽ അംഗമായിരുന്നു.
സിഎസ്കെയുടെ നെറ്റ് ബൗളർ
ഐപിഎൽ 2021 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നെറ്റ് ബൗളറായിരുന്നു നിതീഷ് കുമാർ. പഞ്ചാബ് കിംഗ്സിന് എതിരേ 64 റണ്സും ഒരു വിക്കറ്റും വീഴ്ത്തിയതിലൂടെ ഐപിഎൽ ചരിത്രത്തിലും നിതീഷ് ഇടംപിടിച്ചു.
രാജ്യാന്തര മത്സരത്തിൽ അരങ്ങേറ്റം നടത്താതെ ഐപിഎല്ലിലെ ഒരു മത്സരത്തിൽ 50+ റണ്സും ഒരു വിക്കറ്റും ഒരു ക്യാച്ചും നേടുന്ന ആദ്യ കളിക്കാരനാണ് നിതീഷ് കുമാർ റെഡ്ഡി. പ്രിയം ഗാർഗിനുശേഷം ഐപിഎല്ലിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ (20 വർഷം 319 ദിവസം) താരമെന്ന നേട്ടവും നിതീഷ് സ്വന്തമാക്കി.