പടപടേ പരാഗ്
Thursday, March 28, 2024 11:47 PM IST
ജയ്പുർ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ റയാൻ പരാഗിന്റെ പടപടേ ബാറ്റിംഗിലൂടെ രാജസ്ഥാൻ റോയൽസിന് ജയം. 12 റൺസിന് ഡൽഹി ക്യാപ്പിറ്റൽസിനെയാണ് രാജസ്ഥാൻ റോയൽസ് കീഴടക്കിയത്. രാജസ്ഥാന്റെ തുടർച്ചയായ രണ്ടാം ജയമാണ്. ഡൽഹിയുടെ രണ്ടാം തോൽവിയും.
സ്കോർ: രാജസ്ഥാൻ റോയൽസ് 185/5 (20). ഡൽഹി ക്യാപ്പിറ്റൽസ് 173/5 (20). ഡേവിഡ് വാർണർ (49), സ്റ്റബ്സ് (44 നോട്ടൗട്ട് ) എന്നിവരാണ് ഡൽഹിയുടെ ടോപ് സ്കോറർമാർ.
45 പന്തിൽ 84 റൺസുമായി പുറത്താകാതെ നിന്ന റയാൻ പരാഗാണ് രാജസ്ഥാനെ പൊരുതാനുള്ള സ്കോറിൽ എത്തിച്ചത്. ആറ് സിക്സും ഏഴ് ഫോറും പരാഗിന്റെ ബാറ്റിൽ നിന്ന് പിറന്നു. ടോസ് നേടിയ ഡൽഹി ക്യാപ്പിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ക്യാപ്റ്റൻ ഋഷദ് പന്ത് പ്രതീക്ഷിച്ചതുപോലെ വെടിക്കെട്ട് ഓപ്പണർമാരായ യശസ്വി ജയ് സ്വാൾ (ഏഴ് പന്തിൽ അഞ്ച്), ജോസ് ബട് ലർ (16 പന്തിൽ 11), ക്യാപ്റ്റൻ സഞ്ജു സാംസൺ (14 പന്തിൽ 15) എന്നിവർ അതിവേഗം പുറത്ത്. അതോടെ 7.2 ഓവറിൽ 36 റൺസിന് മൂന്ന് വിക്കറ്റ് എന്ന അവസ്ഥയിലായി രാജസ്ഥാൻ. അഞ്ചാം നമ്പറായി സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ആർ. അശ്വിൻ 19 പന്തിൽ 29 റൺസ് നേടി.