സച്ചിൻ, അക്ഷയ്
Monday, February 19, 2024 1:21 AM IST
വിജയനഗരം: ആന്ധ്രപ്രദേശിന് എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. ക്യാപ്റ്റൻ സച്ചിൻ ബേബി (113), അക്ഷയ് ചന്ദ്രൻ (184) എന്നിവരുടെ സെഞ്ചുറി ബലത്തിൽ കേരളം ഒന്നാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 514 റണ്‍സ് എടുത്ത് ഡിക്ലയർ ചെയ്തു. ആന്ധ്രയുടെ ഒന്നാം ഇന്നിംഗ്സ് 272ൽ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ആന്ധ്ര മൂന്നാംദിനം അവസാനിച്ചപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 19 റണ്‍സ് എന്ന നിലയിലാണ്.
2024 രഞ്ജി സീസണിൽ സച്ചിൻ ബേബിയുടെ തുടർച്ചയായ അഞ്ചാം 50+ സ്കോറാണ്. ഛത്തീസ്ഗഡിന് എതിരേ 91, 94, ബംഗാളിനെതിരേ 124, 51 എന്നിങ്ങനെയായിരുന്നു സച്ചിൻ ബേബിയുടെ ഇന്നിംഗ്സ്. ഈ സീസണിൽ സച്ചിൻ നേടുന്ന നാലാം സെഞ്ചുറിയാണ്. ഈ രഞ്ജി സീസണിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയതിൽ രണ്ടാമതാണ് സച്ചിൻ. 830 റണ്‍സ് സച്ചിൻ ഇതുവരെ നേടി.
219 പന്തിൽ 15 ഫോറിന്റെ സഹായത്തോടെയാണ് സച്ചിൻ 113 റണ്‍സ് നേടിയത്. 386 പന്തിൽ 20 ഫോറിന്റെ സഹായത്തോടെ അക്ഷയ് ചന്ദ്രൻ 184 റണ്‍സ് സ്വന്തമാക്കി. നാലാം വിക്കറ്റിൽ സച്ചിൻ-അക്ഷയ് കൂട്ടുകെട്ട് 181 റണ്‍സ് കൂട്ടിച്ചേർത്തു. സൽമാൻ നിസാർ 58ഉം മുഹമ്മദ് അസ്ഹറുദ്ദീൻ 40ഉം റണ്‍സ് നേടി.