ഓസ്ട്രേലിയൻ ഓപ്പണ്‍ അരീന സബലെങ്ക നിലനിർത്തി
Saturday, January 27, 2024 11:51 PM IST
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൽസിൽ ടൈഗർ കാ ഹുക്കും (കടുവയുടെ നിയമം). കൈയിൽ ടൈഗർ ടാറ്റുവുള്ള ബെലാറൂസിന്റെ അരീന സബലെങ്ക എതിരാളിയെ ആക്രമിച്ചു കീഴടക്കി വനിതാ സിംഗിൾസ് കിരീടം നിലനിർത്തി.
ചൈനയുടെ ക്വിൻവെൻ ഷിങിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സബലെങ്ക ഓസ്ട്രേലിയൻ ഓപ്പണിൽ തുടർച്ചയായ രണ്ടാം തവണയും ചാന്പ്യൻ പട്ടം കരസ്ഥമാക്കിയത്.
സ്കോർ: 6-3, 6-2. ബെലാറൂസിന്റെ മറ്റൊരു താരമായ വിക്ടോറിയ അസരെങ്കയ്ക്കു (2012, 2013) ശേഷം ഓസ്ട്രേലിയൻ ഓപ്പണ്‍ വനിതാ സിംഗിൾസ് കിരീടം നിലനിർത്തുന്ന രണ്ടാമത് താരമാണ് സബലെങ്ക.
ക്വീൻലെങ്ക
ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് സബലെങ്ക ഓസ്ട്രേലിയൻ ഓപ്പണ്‍ ട്രോഫിയിൽ മുത്തംവച്ചതെന്നതും ശ്രദ്ധേയം. സെമിയിൽ അമേരിക്കയുടെ കൊക്കൊ ഗഫ് ആദ്യ സെറ്റ് ടൈബ്രേക്കർ വരെ നീട്ടിയതൊഴിച്ചാൽ എതിരാളികൾക്ക് ചെറുത്തുനിൽക്കാൻ സാധിച്ചില്ല എന്നതാണ് വാസ്തവം.
ഈ നൂറ്റാണ്ടിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്ന അഞ്ചാമത് വനിതയാണ് സബലെങ്ക. ലിൻസെ ഡാവൻപോട്ട് (2000), മരിയ ഷറപ്പോവ (2008), സെറീന വില്യംസ് (2017), ആഷ്ലി ബാർട്ടി (2022) എന്നിവരാണ് ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ കിരീടം മുന്‍പ് നേടിയവർ.
രണ്ടാം ഗ്രാൻസ്ലാം
അരീന സബലെങ്കയുടെ രണ്ടാം ഗ്രാൻസ്ലാം സിംഗിൾസ് ട്രോഫിയാണിത്. 2023 ഓസ്ട്രേലിയൻ ഓപ്പണ്‍ ആയിരുന്നു ഇരുപത്തഞ്ചുകാരായിയ ബെലാറൂസ് താരത്തിന്റെ കന്നി ഗ്രാൻസ്ലാം സിംഗിൾസ് ട്രോഫി.
വനിതാ ഡബിൾസിൽ 2021ൽ ഓസ്ട്രേലിയൻ ഓപ്പണും 2019ൽ യുഎസ് ഓപ്പണും സബലെങ്ക സ്വന്തമാക്കിയിട്ടുണ്ട്. ടെന്നീസ് കരിയറിലെ നാലാം ഗ്രാൻസ്ലാം ട്രോഫിയാണ് ഇന്നലെ റോഡ് ലേവർ അരീനയിൽ സബലെങ്ക ഉയർത്തിയത്.
ഓസ്ട്രേലിയൻ ഓപ്പണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ കഴിഞ്ഞ 20 വർഷത്തിനിടെ നേരിട്ടുള്ള സെറ്റുകൾക്ക് ജയിക്കുന്ന രണ്ടാമത് വനിതയാണ് സബലെങ്ക.
കടുവ വന്നവഴി

‘ടൈഗർ വർഷത്തിലാണ് ഞാൻ ജനിച്ചത്. ടാറ്റുവിൽ മുങ്ങിയ ഒരാളുമായി ഡേറ്റിംഗിലുമായിരുന്നു. ഞാൻ ഒരു പോരാളിയാണ്. അതുകൊണ്ട് ടൈഗർ എനിക്ക് പ്രചോദനവും യോജിക്കുന്നതുമായിരിക്കുമെന്ന് വിശ്വസിച്ചു. തോൽവികൾ എനിക്ക് അംഗീകരിക്കാൻ സാധിക്കില്ല, എന്റെ മാതാപിതാക്കളും. വിട്ടുകളയുക എന്നൊന്നില്ല. എപ്പോഴെങ്കിലും തളർച്ചതോന്നിയാൽ ഉൗർജം തിരിച്ചുപിടിക്കാനായി പെട്ടെന്നു കാണാനുള്ള എളുപ്പത്തിനാണ് ടൈഗർ ടാറ്റു ഇടം കൈക്കുള്ളിൽ പതിപ്പിച്ചത്. ടാറ്റു ആദ്യം കണ്ടപ്പോൾ അമ്മ രൂക്ഷമായാണ് പ്രതികരിച്ചത്,
ഒരാഴ്ച എന്നോട് മിണ്ടിയുമില്ല’ ടൈഗർ ടാറ്റുവിനെ കുറിച്ച് അരീന സബലെങ്ക