ടി.എ. ജാഫര്‍ മെമ്മോറിയല്‍ അവാര്‍ഡ് യു. ഷറഫലിക്ക്
Saturday, January 27, 2024 11:51 PM IST
കൊച്ചി: ഫുട്ബോളേഴ്സ് കൊച്ചിയുടെ ടി.എ. ജാഫര്‍ മെമ്മോറിയല്‍ അവാര്‍ഡ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവുമായ യു. ഷറഫലിക്ക്.
1973ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിന്റെ വൈസ് ക്യാപ്റ്റനും 1992, 93 വര്‍ഷങ്ങളില്‍ ജേതാക്കളായ ടീമുകളുടെ പരിശീലകനുമായ ടി.എ. ജാഫറിന്റെ സ്മരണയ്ക്കായി കൊച്ചി ഫുട്ബോളേഴ്സ് ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം നാളെ വൈകുന്നേരം എറണാകുളം വൈഎംസിഎ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന് സമ്മാനിക്കും.
മലപ്പുറം അരീക്കോട് സ്വദേശിയായ ഷറഫലി 1993ല്‍ കൊച്ചിയില്‍ കപ്പ് നേടിയ സന്തോഷ് ട്രോഫി ടീമിൽ അംഗമായിരുന്നു. 1985 മുതല്‍ 1995 വരെ സന്തോഷ് ട്രോഫി കളിച്ചു. 1994ല്‍ കട്ടക്കില്‍ ഫൈനലിലെത്തിയ ടീമിന്റെ നായകനുമായിരുന്നു. നാലുവട്ടം നെഹ്റു കപ്പ് അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യക്കുവേണ്ടി കളിച്ചു.
1993ലെ സൂപ്പര്‍ സോക്കര്‍ പരമ്പരയില്‍ ദേശീയ ടീമിന്റെ നായകനായി. കേരള പോലീസില്‍ കമാന്‍ഡന്റായിരിക്കെ ചീഫ് കോച്ചും മാനേജരുമായി ടീമിനെ രണ്ടു വട്ടം അഖിലേന്ത്യാ കിരീടത്തിലേക്കെത്തിച്ചു.