എഎഫ്സി കപ്പിൽ ഇന്ത്യ x സിറിയ പോരാട്ടം വൈകുന്നേരം അഞ്ചിന്
Tuesday, January 23, 2024 1:05 AM IST
അൽ ഖോർ (ഖത്തർ): എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് ഇന്നു ജീവന്മരണ പോരാട്ടം. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്ന് സിറിയയ്ക്കെതിരേ ഇറങ്ങും.
അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിനാണ് ഇന്ത്യ x സിറിയ പോരാട്ടം. ഗ്രൂപ്പിലെ ആദ്യരണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ പ്രീക്വാർട്ടർ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ എഎഫ്സി ഏഷ്യൻ കപ്പ് ചരിത്രത്തിൽ ആദ്യമായി പ്രീക്വാർട്ടറിൽ പ്രവേശിക്കുക എന്ന സ്വപ്നത്തിനായാണ് നീലക്കടുവകൾ എന്ന വിശേഷണമുള്ള ഇന്ത്യ ഇറങ്ങുന്നത്. ഗ്രൂപ്പ് ബിയിൽ ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയയും ഉസ്ബക്കിസ്ഥാനും ഏറ്റുമുട്ടും. വൈകുന്നേരം അഞ്ചിനാണ് ഈ മത്സരവും. ഗ്രൂപ്പ് ചാന്പ്യന്മാരെ നിർണയിക്കുന്ന പോരാട്ടമാണിത്.
ചരിത്രം അനുകൂലം
സിറിയയ്ക്കെതിരായ മത്സര ചരിത്രം ഇന്ത്യക്ക് അനുകൂലമാണ്. ഇതുവരെ ആറ് മത്സരങ്ങളാണ് ഇരുടീമും തമ്മിൽ അരങ്ങേറിയത്. അതിൽ മൂന്ന് ജയം ഇന്ത്യക്കായിരുന്നു. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും സിറിയയ്ക്ക് ഇന്ത്യയെ കീഴടക്കാൻ സാധിച്ചിട്ടില്ല.
അവസാന മൂന്ന് ഏറ്റുമുട്ടലുകളിൽ ഇന്ത്യ രണ്ട് ജയം നേടിയപ്പോൾ ഒരെണ്ണത്തിൽ സമനിലയായി. 2009 ഓഗസ്റ്റിൽ നടന്ന സൗഹൃദത്തിൽ ഷൂട്ടൗട്ടിലൂടെയായിരുന്നു ഇന്ത്യൻ ജയം. 2012 ഓഗസ്റ്റിൽ 2-1ന് ഇന്ത്യ ജയം നേടി. 2019 ജൂലൈയിൽ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഇരുടീമും 1-1 സമനിലയിൽ പിരിഞ്ഞു.
ഇന്ത്യൻ സാധ്യത ഇങ്ങനെ
എ എഫ്സി ഏഷ്യൻ കപ്പ് പ്രീക്വാർട്ടറിൽ പ്രവേശിക്കാനുള്ള ഇന്ത്യയുടെ സാധ്യത ഇന്നത്തെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും. ഇന്ന് ജയിച്ചാൽ മൂന്ന് പോയിന്റുമായി ഇന്ത്യക്ക് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. അതോടെ മികച്ച മൂന്നാം സ്ഥാനക്കാർ എന്ന ഗണത്തിൽപ്പെട്ട് പ്രീക്വാർട്ടറിൽ പ്രവേശിക്കാനുള്ള സാധ്യത സജീവമാകും.
എഎഫ്സി ഏഷ്യൻ കപ്പിൽ ആറ് ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിക്കും. തുടർന്ന് ആറ് ഗ്രൂപ്പിലെയും മൂന്നാം സ്ഥാനക്കാരിലെ ഏറ്റവും മികച്ച നാല് ടീമുകൾക്കും പ്രീക്വാർട്ടറിലേക്ക് മുന്നേറാം.
സിറിയയ്ക്കെതിരേ ജയിച്ചാൽ മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരാളാകാനുള്ള സാധ്യതയാണ് ഇന്ത്യക്കുള്ളത്. മത്സരം സമനിലയിൽ കലാശിച്ചാലും തോറ്റാലും ഇന്ത്യ പുറത്താകും. അതോടെ സിറിയയുടെ നോക്കൗട്ട് സാധ്യത സജീവമാകും.