ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി20 പരന്പരയിലെ നാലാം മത്സരം ഇന്ന് റായ്പുരിൽ
Friday, December 1, 2023 2:54 AM IST
റായ്പുർ: ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി20 പരന്പരയിലെ നാലാം മത്സരം ഇന്ന്. അഞ്ചുമത്സര പരന്പരയിലെ ആദ്യത്തെ രണ്ടു മത്സരത്തിൽ ഇന്ത്യ ജയിച്ചപ്പോൾ മൂന്നാം മത്സരം കൈവിട്ടു. പരന്പര ഉറപ്പിക്കാൻ ഇന്ത്യക്ക് ഇന്നു ജയിക്കണം. റായ്പുരിൽ രാത്രി എഴിന് ആരംഭിക്കുന്ന മത്സരം സ്പോർട്സ് 18ലും ജിയോ സിനിമയിലും തത്സമയം.
പരന്പരയിലുടനീളം റണ്ണൊഴുക്ക് പ്രകടമാണ്. ബൗളർമാരെ വെറും ബൗളിംഗ് മെഷീനുകളായാണു ബാറ്റർമാർ പരിഗണിക്കുന്നത്. മൂന്നു മത്സരങ്ങളിൽ പിറന്ന 123 ഫോറും 65 സിക്സും ഇതിന്റെ തെളിവാണ്. റായ്പുരിലും സ്ഥിതിക്കു മാറ്റമുണ്ടാകില്ലെന്നാണു സൂചന.
അയ്യര്‍ ടീമില്‍
പരന്പര പിടിക്കാൻ ഇന്ത്യ ടീമിൽ മാറ്റം വരുത്തിയേക്കും. ആദ്യ രണ്ടു മത്സരങ്ങളിൽ ഇല്ലാതിരുന്ന ശ്രേയസ് അയ്യർ ഇന്ന് ഇന്ത്യൻ ടീമിലെത്തും. അങ്ങനെ വന്നാൽ, മോശം ഫോമിലുള്ള തിലക് വർമ പുറത്താകും. ഓൾറൗണ്ടർ ദീപക് ചഹാർ ടീമിലെത്തിയാൽ പ്രസിദ്ധ് കൃഷ്ണ പുറത്താകും. ആവേശ് ഖാൻ, അർഷ്ദീപ് സിംഗ് എന്നിവർ പേസ്നിരയിൽ തുടർന്നേക്കും. എന്നാൽ, മുകേഷ്കുമാർ ടീമിലെത്തിയാൽ അർഷ്ദീപിന്റെ കാര്യം കഷ്ടത്തിലാകും.
മാക്സ്വെല് ഇല്ല
അക്സർ പട്ടേലിനുപകരം വാഷിംഗ്ടണ്‍ സുന്ദറെ ഇന്ത്യ കളിപ്പിക്കാൻ സാധ്യതയുണ്ട്. ആദ്യത്തെ മൂന്നു മത്സരത്തിലും അക്സറിനു കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. മറുവശത്ത്, സ്റ്റാർ ബാറ്റർ ഗ്ലെൻ മാക്സ്വെൽ ഓസീസിനായി കളിക്കില്ലെന്നത് ഇന്ത്യൻ ആരാധകർക്ക് ആശ്വാസം പകരും.