സച്ചിൻ ബേബിയുടെ സെഞ്ചുറി പാഴായി
Sunday, November 26, 2023 1:49 AM IST
അലുർ (കർണാടക): വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ കേരളത്തിനു തോൽവി. കരുത്തരായ മുംബൈ എട്ട് വിക്കറ്റിന് കേരളത്തെ തോൽപ്പിച്ചു. മഴ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മുംബൈയുടെ ജയം.
കേരളത്തിനായി സച്ചിൻ ബേബി (134 പന്തിൽ 104) സെഞ്ചുറി നേടിയെങ്കിലും ഫലമുണ്ടായില്ല. ക്യാപ്റ്റൻ സഞ്ജു സാംസണ് (83 പന്തിൽ 55) അർധസെഞ്ചുറി സ്വന്തമാക്കി. സ്കോർ: കേരളം 49.1 ഓവറിൽ 231. മുംബൈ 24.2 ഓവറിൽ 160/2.
സച്ചിനും സഞ്ജുവിനും ഒപ്പം വിഷ്ണു വിനോദ് (20), അബ്ദുൾ ബാസിത് (12) എന്നിവർ മാത്രമാണ് കേരള ഇന്നിംഗ്സിൽ രണ്ടക്കം കണ്ടത്. മുംബൈക്കായി മോഹിത് അവാസ്ത 9.1 ഓവറിൽ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
മഴയിൽ മത്സരം മുടങ്ങിയതോടെ മുംബൈയുടെ ലക്ഷ്യം 24.2 ഓവറിൽ 160 എന്ന് പരിഷ്കരിച്ചു. അങ്ക്രിഷ് രഘുവാൻഷി (57), ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (34 നോട്ടൗട്ട്), ജയ് ബിസത (30), സുവേദ് പട്കർ (27 നോട്ടൗട്ട്) എന്നിവരുടെ മികവിൽ മുംബൈ ജയത്തിലെത്തി. രണ്ട് മത്സരങ്ങളിൽ നാല് പോയിന്റുമായി കേരളം ഗ്രൂപ്പ് എയിൽ നാലാമതാണ്. എട്ട് പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്തും.